പഴകിയതെങ്കിൽ പിടിവീഴും



കൊല്ലം ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ജില്ലയിലെ ഹോട്ടലുകളിൽ ഉൾപ്പെടെ ഇനി തുടർച്ചയായ പരിശോധന നടത്തും. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ചേംബറിൽ വിളിച്ചുചേർത്ത യോഗത്തിലാണ്‌ കലക്ടർ അഫ്‌സാന പർവീൺ ഇതുസംബന്ധിച്ച്‌ കർശന നിർദേശം നൽകിയത്‌. മായംകലർന്നതും പഴകിയതുമായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. വിവിധ ഹോട്ടലുകളിൽ കഴിഞ്ഞമാസം നടത്തിയ പരിശോധനയിൽ 2148 സാമ്പിൾ പരിശോധിച്ചു. ഇതിൽ 399 ഹോട്ടലിന്‌ നോട്ടീസ് നൽകി. ‘ഓപ്പറേഷൻ  ഷവർമ’ പേരിൽ നടത്തിയ പരിശോധനയിൽ വീഴ്ചകണ്ടെത്തിയ 120 സ്ഥാപനം താൽക്കാലികമായി അടപ്പിച്ചു. ‘ഓപ്പറേഷൻ മത്സ്യ', ‘ഓപ്പറേഷൻ ജാഗറി' എന്നീ പേരുകളിൽ മത്സ്യത്തിലെയും ശർക്കരയിലെയും വിഷാംശം കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധനയും തുടരുന്നു. ഉപയോഗിച്ച എണ്ണ 
ശേഖരിക്കാൻ കുടുംബശ്രീ  സ്‌കൂൾ പാചകത്തൊഴിലാളികൾക്കും അങ്കണവാടി തൊഴിലാളികൾക്കും ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. ചെറുകിട ഭക്ഷ്യശാലകളിൽനിന്ന് ഉപയോഗിച്ച എണ്ണകൾ ശേഖരിച്ച് എണ്ണ സംസ്‌കരണ ഏജൻസികൾക്ക് കൈമാറാൻ കുടുംബശ്രീ പ്രവർത്തകർക്ക് നിർദേശം നൽകും. എല്ലാ സ്‌കൂളുകളും അങ്കണവാടികളും റേഷൻകടകളും  കുടുംബശ്രീ ഭക്ഷണശാലകളും ഫുഡ് സേഫ്റ്റി അതോറിറ്റിയിൽ രജിസ്റ്റർചെയ്യണമെന്നും യോഗം നിർദേശിച്ചു. ബയോട്ടിക് സാന്നിധ്യം കണ്ടെത്തും പാൽ, മാംസം, പച്ചക്കറി, പഴവർഗങ്ങൾ  എന്നിവയിലെ ബയോട്ടിക് സാന്നിധ്യം കണ്ടെത്തുന്നതിന്‌ എല്ലാ മാസവും സാമ്പിളുകൾ ശേഖരിക്കും. മത്സ്യത്തിൽ ഐസ് അല്ലാതെ മറ്റ് രാസവസ്തുക്കൾ ഉപയോഗിക്കുന്നതിനെതിരെയും നടപടി സ്വീകരിക്കും. അതിർത്തി കടന്നുവരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്‌ ചെക്‌പോസ്റ്റുകളിലും പരിശോധന കർശനമാക്കുമെന്ന്‌ ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമീഷണർ എസ് അജി വ്യക്തമാക്കി.  ആരാധനാലയങ്ങളിൽനിന്നു നൽകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കാനായി ‘ഓപ്പറേഷൻ ഭോഗ്' എന്ന പേരിൽ പരിശോധന നടത്തും. കേന്ദ്ര സർക്കാരിന്റെ ‘ഈറ്റ് റൈറ്റ് ചലഞ്ചി'ൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി സ്‌ക്വാഡുകൾ രൂപീകരിച്ച് ഭക്ഷ്യസുരക്ഷാ -അവബോധപരിപാടികൾ സംഘടിപ്പിക്കാൻ സബ് കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ സജ്ജമാക്കും. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ബെനഡിക് നിക്‌സൺ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ ഐ ലാൽ, ജില്ലാ സപ്ലൈ ഓഫീസർ സി വി മോഹൻകുമാർ, അഗ്രികൾച്ചർ ഉപഡയറക്ടർ സി എസ് അജിത്കുമാർ, ഫിഷറീസ് ഉപഡയറക്ടർ കെ സുഹൈർ, ഫുഡ് സേഫ്റ്റി ഓഫീസർ ചിത്രാ മുരളി, അസിസ്റ്റന്റ് ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫീസർ എ റീന, കെ വിജയകുമാർ, യു ബിജു എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News