‘കരുതലും കൈത്താങ്ങും’ 
27 മുതല്‍



കല്‍പ്പറ്റ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാർ പങ്കെടുത്തുള്ള "കരുതലും കൈത്താങ്ങും' താലൂക്ക്തല പരാതി പരിഹാര അദാലത്തുകൾ 27, 29, 30 തീയതികളിൽ നടക്കും. മന്ത്രിമാരായ എം ബി രാജേഷ്, എ കെ ശശീന്ദ്രൻ എന്നിവർ നേതൃത്വംനൽകും.  27ന് ചുണ്ടേൽ പാരിഷ് ഹാളിലാണ് വൈത്തിരി താലൂക്ക്തല അദാലത്ത്. 29ന് ബത്തേരി താലൂക്ക്തല അദാലത്ത് ഡോൺ ബോസ്‌കോ കോളേജിലും 30ന് മാനന്തവാടി താലൂക്ക്തല അദാലത്ത് സെന്റ് തോമസ് ഓർത്തഡോക്സ് ഹാളിലും നടക്കും. 1324 പരാതികളാണ് ജില്ലയിൽ ഇതുവരെ ലഭിച്ചത്. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പ്രവര്‍ത്തനം, താലൂക്ക് നടപടികള്‍ എന്നിവയിലാണ് കൂടുതല്‍ പരാതികൾ. പരാതി പരിഹരിക്കുന്നതിനായി ജില്ലാതലത്തിലും താലൂക്ക്തലത്തിലും പ്രത്യേകം സെൽ പ്രവർത്തിക്കും. ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ മന്ത്രിമാർ തീരുമാനമെടുക്കും. ഓൺലൈൻ വഴി സമർപ്പിക്കുന്ന അപേക്ഷകളിൻമേലുള്ള മറുപടിയും തീരുമാനവും അപേക്ഷകന് സ്വന്തം ലോഗിനിലൂടെ ലഭ്യമാകും. അക്ഷയ കേന്ദ്രങ്ങൾ വഴി സമർപ്പിച്ച അപേക്ഷകളുടെ വിവരങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും അറിയാം. അദാലത്തിനായി വിപുലമായ ഒരുക്കങ്ങളാണ്‌ നടത്തിയിട്ടുള്ളത്‌. Read on deshabhimani.com

Related News