സ്‌കൂളിൽ പോവേണ്ടേ,
ബാഗും കുടയും വാങ്ങേണ്ടേ...

സ്കൂൾ വിപണി സജീവമായതോടെ കോട്ടയം മാർക്കറ്റിലെ കടയിൽനിന്ന് ബാഗ് തെരഞ്ഞെടുക്കുന്ന കുട്ടി


കോട്ടയം പുത്തൻചേലിൽ പൂക്കുടചൂടി ബാഗുകളിൽ വിസ്‌മയങ്ങളുമായി വിപണിയൊരുങ്ങി സ്‌കൂൾ ദിനങ്ങളെ വരവേൽക്കാൻ. കോവിഡിന്‌ ശേഷം എത്തുന്ന പ്രവേശനോത്സവം ആഘോഷമാക്കാൻ തയ്യാറെടുക്കുകയാണ്‌ സ്‌കൂൾ അധികൃതർ. വിപണിയിലെ വിലക്കയറ്റത്തിന്റെ ആശങ്കയിലാണ്‌ രക്ഷിതാക്കൾ.  ലോകത്ത്‌ ഏറ്റവും കൂടുതൽ ആരാധകരുള്ള ബാർബി ഡോളിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്‌ത ബാഗുകളാണ്‌ വിപണിയിൽ പ്രിയം. 350 രൂപ മുതൽ ഇവ ലഭിക്കുമ്പോൾ 2,000 രൂപവരെയുള്ള ബാഗുകളും വിപണിയിലുണ്ട്‌. ഇത്തവണ ബാഗിന്‌ വിലയൽപം കൂടിയിട്ടുണ്ടെന്ന്‌ വ്യാപാരികൾ പറയുന്നു. നോട്ട്‌ ബുക്കുകൾക്ക്‌ 30 മുതൽ 70 രൂപവരെയാണ്‌ വിപണി വില. റെയിൻകോട്ടിനും ആവശ്യക്കാർ ഏറെയാണ്‌. 200രൂപ മുതൽ കുട്ടികളുടെ റെയിൻകോട്ടുകൾ ലഭ്യം. ബോക്‌സിന്‌ 20 രൂപ മുതൽ 180 രൂപവരെ വിലയുണ്ട്‌. കാൽക്കുലേറ്ററുള്ള ബോക്‌സുകളും ലഭ്യമാണ്‌. ടിഫിൻ ബാഗുകൾ 60രൂപ മുതൽ ലഭിക്കും. കുടകൾ 280 മുതൽ ലഭ്യമാകുമെങ്കിലും ബ്രാൻഡഡ്‌ കുടകൾക്ക്‌ വില കൂടും. 50രൂപ മുതൽ വാട്ടർബോട്ടിലുകളുമുണ്ട്‌.  യൂണിഫോമുകൾ സ്‌കൂളിൽനിന്ന്‌ നൽകുന്നുണ്ടെങ്കിലും ഇതിനോടൊപ്പമുള്ള ടൈ, സോക്‌സ്‌, ഷൂസ്‌ എന്നിവ വിപണിയിലുണ്ട്‌. 100 രൂപയാണ്‌ ടൈയുടെ വില. സോക്‌സ്‌ 100 –- 150 രൂപ, ഷൂസ്‌ 250 രൂപ മുതൽ ലഭ്യമാണ്‌. ബ്രാൻഡഡ്‌ ഷൂസിന്‌ വില കൂടും. അതേസമയം ബുക്ക്‌, പൊതിയാനുള്ള പേപ്പർ, സ്‌കെയിൽ, റബർ, ഷാർപ്പ്‌നർ അടക്കം കിറ്റായി സ്‌കൂളുകളിൽനിന്ന്‌ തന്നെ നൽകുന്നതിനാൽ ആവശ്യക്കാർ കുറവാണ്‌. സകൂൾ തുറക്കാൻ ഒരാഴ്‌ച ശേഷിക്കെ വരും ദിവസങ്ങളാണ്‌ പ്രതീക്ഷയെന്ന്‌ വ്യാപാരികൾ പറയുന്നു. Read on deshabhimani.com

Related News