കോവിഡിന്‌ വിട; 
സ്‌കൂൾ വിപണി സജീവം

സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച്‌ തൃശൂർ ടൗണിലെ കടയിൽ 
ബാഗ് വാങ്ങാനെനെത്തിയ കുടുംബം


തൃശൂർ  കോവിഡിനു ശേഷമുള്ള പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ സ്‌കൂൾ വിപണി സജീവമായി. രണ്ട്‌ വർഷത്തെ ഇടവേളയ്‌ക്കു ശേഷം പുത്തൻ ബാഗും കുടയും നോട്ട്‌ ബുക്കും പഠനോപകരണങ്ങളും കുട്ടികൾക്ക്‌ വാങ്ങിക്കൊടുക്കാനുള്ള  തിരക്കിലാണ്‌ രക്ഷിതാക്കൾ. സിവിൽ സപ്ലൈസ്‌ കോർപറേഷന്റെയും സഹകരണ സ്ഥാപനങ്ങളുടെയും ഫലപ്രദമായ ഇടപെടൽ ഉള്ളതിനാൽ പൊതു വിപണിയിൽ കാര്യമായ വില വർധന ഉണ്ടായിട്ടില്ല. സിവിൽ സപ്ലൈസിന്റെ മാവേലി സ്‌റ്റോറുകളും പീപ്പിൾസ്‌ ബസാറുകളുൾപ്പെടെയുള്ളവയിൽ സ്‌റ്റുഡന്റ്‌ മാർക്കറ്റ്‌ പ്രവർത്തിക്കുന്നുണ്ട്‌. നോട്ട്‌ ബുക്ക്‌, കുട, ബാഗ്‌, ചോറ്റുപാത്രം, വാട്ടർ ബോട്ടിൽ, ഇൻസ്‌ട്രമെന്റ്‌ ബോക്സ് തുടങ്ങിയവയ്‌ക്ക്‌ ഒരു വിദ്യാർഥിക്ക്‌   1500രൂപയോളം ചെലവ്‌ വരുന്നുണ്ട്‌. ഇതിനുപുറമെ സ്‌കൂൾ യൂണിഫോമും വരും. പൊതു വിപണിയേക്കാൾ 15 ശതമാനം മുതൽ 25 ശതമാനം വരെ വിലക്കുറവിലാണ്‌ സിവിൽ സപ്ലൈസിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും വിൽപ്പന. ഇത്‌ രക്ഷിതാക്കൾക്ക്‌ ഏറെ ആശ്വാസമാണ്‌. പരമ്പരാഗത ശൈലി വിട്ട്‌ ബ്രാൻഡഡ്‌ ഉൽപ്പന്നങ്ങൾക്കാണ്‌ പ്രിയം. ഭാരക്കുറവുള്ള  ബാഗുകളോടാണ്‌ പുത്തൻ തലമുറയ്‌ക്ക്‌ പ്രിയം. സ്‌കൂബി, വൈൽഡ്‌ ക്രാഫ്‌റ്റ്‌, അമേരിക്കൻ ടൂറിസ്റ്റർ, ഫാസ്റ്റ്‌ ട്രാക്ക്‌, മിക്കി മൗസ്‌, ഡോറ, ബാർബി ക്യൂൻ, ഏലീസ, സെല്ലൊ തുടങ്ങിയവയാണ്‌ ബാഗുകളിലെ താരങ്ങൾ. മഴയും വെയിലും കൊള്ളാതെ പോകാനൊരു കുടയെന്ന സങ്കൽപ്പം മാറി. കളർക്കുട, മാജിക്‌ കുട, ടോർച്ച്‌ കുട തുടങ്ങി മൾട്ടി ടാലന്റ്‌ കുടകളാണ്‌ വിപണിയിൽ വാഴുന്നത്‌. വാട്ടർ ബോട്ടിലിന്‌ സ്റ്റീലുകൊണ്ടുള്ള കുപ്പിക്കാണ്‌ ആവശ്യക്കാരേറെയും. പീജിയൻ, മിൽട്ടൻ തുടങ്ങിയ ബ്രാൻഡഡ്‌ ഇനങ്ങൾ വിപണിയിൽ സുലഭമാണ്‌. പരസ്യങ്ങളിൽ കാണുന്ന ബാഗും  കുടയും വേണമെന്ന്‌ വാശിപിടിക്കുമ്പോൾ പണത്തിന്റെ മൂല്യമനുസരിച്ച്‌ ഗുണമേന്മയുള്ളവ വാങ്ങാനാണ്‌ തിരക്ക്‌. Read on deshabhimani.com

Related News