നിയമവ്യവസ്ഥയ്ക്ക് മനുഷ്യത്വം 
നഷ്ടപ്പെടുന്നു: കര്‍ഷകസംഘം



ചെറുതോണി നിയമവ്യവസ്ഥയ്ക്ക് മനുഷ്യമുഖം നഷ്ടപ്പെടുകയാണെന്നും നിക്ഷിപ്ത താൽപ്പര്യക്കാർക്ക് വേണ്ടിനിയമം വഴി മാറുകയാണെന്നും കർഷകസംഘം ജില്ലാ പ്രസിഡന്റ് എൻ വി ബേബി, സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു. വന്യജീവി ആക്രമണങ്ങൾകൊണ്ട് പൊറുതി മുട്ടുന്ന മനുഷ്യരുടെ ദുരിതങ്ങൾ കാണാൻ നീതിദേവതയ്ക്ക് കഴിയാതെ പോകുന്നത് പ്രതിഷേധാർഹവും അപലപനീയവുമാണ്. കപട പരിസ്ഥിതി– ഉദ്യോഗസ്ഥകൂട്ട്കെട്ടിന്റെ ഗൂഢനീക്കമാണ് ശാന്തൻപാറയിലെ സർക്കാർ ദൗത്യത്തെ തടഞ്ഞിട്ടുള്ളത്.  ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കാനുള്ള  സർക്കാർ തീരുമാനത്തെ ബാഹ്യശക്തികളുടെ ഇടപെടലിലൂടെ അട്ടിമറിക്കാനുള്ള നീക്കം അപകടകരമാണ്. താൽക്കാലികമായി ഇത്തരക്കാർക്ക് നൈമിഷിക നേട്ടം കൈവരിക്കാമെങ്കിലും ആത്യന്തികമായി വിജയം നേടാനാവില്ല. കർഷക ശക്തിക്ക് മുമ്പിൽ കേന്ദ്രഭരണകൂടം മുട്ടുകുത്തിയ വർത്തമാനകാല സാഹചര്യം ആരും വിസ്മരിക്കരുത്. ലോകത്താകെ നീതിന്യായ വ്യവസ്ഥിതികൾ ദുരിതം നേരിടുന്നവർക്കൊപ്പം നിൽക്കുന്ന ചരിത്രമാണുള്ളത്. അതിന് വിപരീതമായ നടപടികൾ എവിടെനിന്നുണ്ടായാലും എതിർക്കുകയും പ്രതിഷേധിക്കുകയും ചെയ്യും. ജനങ്ങളെ കൊന്നൊടുക്കിയ ആനകളെ അതേ പോലെ കൊന്നൊടുക്കാനല്ല സർക്കാർ ശ്രമിച്ചത്. സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്.  കേരളത്തിൽ പലയിടത്തും വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള ദൗത്യമാണ് ശാന്തൻപാറയിലും ഏറ്റെടുക്കാൻ സർക്കാർ ഒരുങ്ങിയത്. കടലാസ് സംഘടനകളുടെ സ്വകാര്യ താൽപ്പര്യങ്ങൾക്ക് വഴങ്ങി മനുഷ്യജീവന് വിലകൽപ്പിക്കാതെയുള്ള തീരുമാനങ്ങൾക്കെതിരെ നിയമപരമായും, സംഘടനാപരമായും ശക്തമായ പ്രതിഷേധവും ചെറുത്തുനിൽപ്പും ഉയർന്ന് വരുമെന്നും കർഷകസംഘം നേതാക്കൾ പറഞ്ഞു.   Read on deshabhimani.com

Related News