റെയിൽവേ ഭൂമി സ്വകാര്യവൽക്കരണം ജനങ്ങളെ അണിനിരത്തും: എം വി ജയരാജൻ

കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വി ശിവദാസന്‍ എംപി സംസാരിക്കുന്നു


 കണ്ണൂർ കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഭൂമി സ്വകാര്യ കമ്പനിക്ക്‌ അടിയറവച്ചതിനെതിരെ എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് സിപിഐ എമ്മും എൽഡിഎഫും നേതൃത്വം നൽകുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റെയിൽവേ സ്റ്റേഷന്റെ  നവീകരണത്തിനും നഗരവികസനത്തിനുമുള്ള ഭൂമിയാണ്‌ റെയിൽവേ ലാൻഡ്‌ ഡെവലപ്മെന്റ്‌  അതോറിറ്റി ദീർഘകാല പാട്ടത്തിന്‌ കൊടുത്തത്‌.  ഇത് അംഗീകരിക്കാനാവില്ല.  പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിന് കോൺഗ്രസ് തുടക്കം കുറിച്ച വിറ്റഴിക്കൽ നയം പൂർവാധികം ശക്തിയോടെ ബിജെപി സർക്കാർ നടപ്പാക്കുകയാണ്. ഇതിന്റെ  ഭാഗമായാണ്  റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഏഴ് ഏക്കർ ഭൂമി  സ്വകാര്യ കമ്പനിക്ക് 45 വർഷം പാട്ടത്തിന് നൽകിയത്.  മൊത്തം 48 ഏക്കർ ഭൂമി പാട്ടത്തിന് വച്ചിട്ടുണ്ട്. ആദ്യഘട്ടമായാണ് ഏഴ് ഏക്കർ   കൈമാറിയത്. ഭൂമി പാട്ടത്തിന് നൽകുന്നത് വരെ കാത്തിരുന്ന കണ്ണൂർ എംപി ഇപ്പോൾ പ്രക്ഷോഭത്തിനിറങ്ങുമെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്.  2014-–- 19 കാലത്ത്‌  എംപിയായിരുന്ന പി കെ ശ്രീമതി  കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ സമഗ്രവികസനത്തിന് ഫലപ്രദമായി ഇടപെട്ടിരുന്നു.  നാലാമത്തെ പ്ലാറ്റ്ഫോം പണിയാനും എസ്കലേറ്ററുകളും ലിഫ്റ്റും നിർമിക്കാനും സ്റ്റേഷനിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തി പദ്ധതികൾ അംഗീകരിപ്പിച്ചു. ഒരു ഭാഗത്തെ എസ്കലേറ്ററും ലിഫ്റ്റും 2018-ൽ പൂർത്തിയാക്കി. സ്‌റ്റേഷൻ വളപ്പിലെ കിണർ ശുചീകരിച്ച്‌  ജലക്ഷാമം പരിഹരിച്ചു. റെയിൽവേ ജീവനക്കാർക്ക്‌ പുതിയ ക്വാർട്ടേഴ്‌സും നിർമിച്ചു. നാലാം പ്ലാറ്റ്ഫോം നിർമിക്കാനുള്ള അനുമതി ലഭിച്ചതും കരാറുകാരനെ പണിയേൽപ്പിച്ചതും  ശ്രീമതിയുടെ കാലത്താണ്‌. എന്നാൽ തുടർനടപടികൾക്ക്‌ ഇപ്പോഴത്തെ  എംപി ഇടപെട്ടില്ല.    കെ- റെയിലിനെതിരെ കോൺഗ്രസും യുഡിഎഫും കാണിച്ച ആവേശം റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് കൊടുത്തപ്പോൾ കാണുന്നില്ല. കെപിസിസി പ്രസിഡന്റ്‌  കെ റെയിൽ കുറ്റി പിഴുതെറിയാൻ നേരിട്ടെത്തിയിരുന്നു. കേന്ദ്ര-, സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതി തകർക്കുകയായിരുന്നു ലക്ഷ്യം. റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് തീറെഴുതിയപ്പോൾ ഒരു പ്രതിഷേധവുമില്ല. കണ്ണൂരിലെ റെയിൽവേ വികസനത്തിനായി പാർലമെന്റിൽ ശബ്ദിക്കാനും ഇതുവരെ എംപി തയ്യാറായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി നടത്തിയ പ്രതികരണം സംശയാസ്പദമാണ്. സ്വകാര്യ കമ്പനിയുമായി ബിജെപി നേതാവിനുള്ള ബന്ധത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.   കൗണ്‍സിലര്‍മാര്‍ മാര്‍ച്ച് നടത്തി കണ്ണൂർ റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക്‌ പാട്ടം നൽകുന്നതിൽ പ്രതിഷേധിച്ച്  കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമാർ മാർച്ച് നടത്തി.  കോർപ്പറേഷൻ ഓഫീസ് പരിസരത്തുനിന്നാരംഭിച്ച മാർച്ചിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ കൗൺസിലർമാർ അണിചേർന്നു. റെയിൽവേ സ്‌റ്റേഷന്റെ  വികസന പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസർക്കാർ നീക്കത്തെ  ഒറ്റക്കെട്ടായി ചെറുക്കുമെന്ന ഉറച്ച പ്രഖ്യാപനമായി  പ്രതിഷേധം.  റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന പ്രതിഷേധയോഗം കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. മേയർ ടി ഒ മോഹനൻ അധ്യക്ഷനായി. എംപിമാരായ ഡോ. വി ശിവദാസൻ, പി സന്തോഷ് കുമാർ, എംഎല്‍എമാരായ  കെ വി  സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം ജില്ലാ  സെക്രട്ടറിയറ്റ് അംഗം എം പ്രകാശൻ,  എൻ സുകന്യ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്,  വെള്ളോറ രാജൻ, പി കെ രാ​ഗേഷ് എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി മേയർ കെ ഷബീന സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News