ബിറ്റ്‌കോയിൻ മാതൃകയിൽ 
ജിബിജി കോയിനും ഇറക്കാൻ നോക്കി



കാസർകോട്‌ ബിറ്റ്‌കോയിൻ മാതൃകയിൽ ഓൺലൈൻ ഓഹരിക്കച്ചവടത്തിന്‌ ജിബിജി കോയിനും ഇറക്കാൻ കുണ്ടംകുഴിയിലെ ഗ്ലോബൽ ബിസിനസ്‌ ഗ്രൂപ്പ്‌ (ജിബിജി) ചെയർമാൻ വിനോദ്‌കുമാർ ശ്രമിച്ചതായി വിവരം. സ്ഥിരീകരിക്കാൻ കസ്‌റ്റഡിയിലുള്ള വിനോദിന്റെയും ഡയറക്ടർ പെരിയ നെടുവോട്ടുപാറയിലെ ഗംഗാധരൻ നായരുടെയും ഫോണുകൾ കാസർകോട്‌ സൈബർ സെൽ ടീം പരിശോധിച്ചു.  മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്‌ എന്നിവയാണ്‌ പരിശോധിച്ചത്‌. ബിറ്റ്‌കോയിൻ മാതൃകയിൽ രജിസ്‌ട്രേഷനും മറ്റും ശ്രമിച്ചിട്ടുണ്ട്‌. അക്കാര്യങ്ങൾ പൂർത്തിയാകാത്തിനാൽ ഇടപാടുകൾ അന്വേഷകസംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.  ഡിവൈഎസ്‌പി സി കെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഇരുവരെയും ഒന്നിച്ചും വേവ്വേറെയും ചോദ്യം ചെയ്‌തു. 12 കോടിയോളം രൂപ മാത്രമെ തിരിച്ചുനൽകാനുള്ളൂ എന്നാണ്‌ വിനോദ്‌ പറയുന്നത്‌. അത്‌ അക്കൗണ്ടിലുണ്ട്‌. പലിശ നൽകാത്ത പ്രശ്‌നം മാത്രമെ നിലവിലുള്ളൂ. അക്കൗണ്ട്‌ മരവിപ്പിച്ചതിനാൽ മാത്രമാണ്‌ പ്രതിസന്ധി വന്നതെന്നുമാണ്‌ വിനോദിന്റെ വാദം. തനിക്കൊന്നുമറിയില്ലെന്നും എല്ലാം വിനോദാണ്‌ നോക്കിയതെന്നുമാണ്‌ ഗംഗാധരൻനായർ പറയുന്നത്‌. ഇയാൾ എട്ടുപേരിൽ നിന്ന്‌ നിക്ഷേപം സംഘടിപ്പിച്ചിട്ടുണ്ട്‌. ഇവർ നൽകിയ മൊഴിയുടെ നിജസ്ഥിതി അന്വേഷിക്കാൻ തുടരന്വേഷണം നടത്തും. അറസ്‌റ്റിലാകാനുള്ള ബാക്കിയുള്ള  നാലു ഡയറക്ടർമാർക്കായി തെരച്ചിലും ഊർജിതമാക്കും. കസ്‌റ്റഡിയിലുള്ള വിനോദിനെയും ഗംഗാധരൻ നായരെയും 27ന്‌ കോടതിയിൽ ഹാജരാക്കും.    ബിറ്റ്‌കോയിൻ  ഓൺലൈനിൽ മാത്രം ഇടപാട്‌ നടത്തുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ. ലോഹ നിർമിത നാണയമോ കടലാസ് നോട്ടോ അല്ല. കംപ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയ പ്രോഗ്രാമാണ്‌. ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്. ഇടനിലക്കാരോ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത ഓൺലൈനിലെ സ്വതന്ത്ര നാണയം എന്ന ആശയമാണിത്‌.   Read on deshabhimani.com

Related News