1.42 കോടി രൂപയുടെ പദ്ധതി



 പത്തനംതിട്ട  ജില്ലയിലെ ക്ഷീരകർഷകരുടെ സംരക്ഷണം, പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ പഞ്ചായത്ത്  നടപ്പാക്കുന്ന 1.42 കോടി രൂപയുടെ പദ്ധതികളുടെ ജില്ലാതല വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്‌തു. വിവിധ പഞ്ചായത്തുകൾ മുഖേന ക്ഷീരകർഷകർക്ക് പാലിന്‌ സബ്സിഡി ഇനത്തിൽ 1.10 കോടി രൂപയും തെരഞ്ഞെടുക്കപ്പെട്ട 16 ക്ഷീരസഹകരണ സംഘങ്ങൾക്ക് റിവോൾവിങ്‌ ഫണ്ട് ഇനത്തിൽ 32 ലക്ഷം രൂപയും നൽകുന്ന പദ്ധതികളാണ് തുടങ്ങിയത്. ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളിലെയും തെരഞ്ഞെടുക്കപ്പെട്ട ഓരോ ക്ഷീരസഹകരണസംഘത്തിനും രണ്ട് ലക്ഷം രൂപ വീതമാണ് വിതരണം ചെയ്യുന്നത്.  ക്ഷീരകർഷകസംഘത്തിൽ പാലളക്കുന്ന ക്ഷീരകർഷകർക്ക് പാലിന്റെ തോതനുസരിച്ച് നൽകുന്ന സബ്‌സിഡി തുക കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ട് ലഭ്യമാക്കും. ഒരു കർഷകന് പരമാവധി 40,000 രൂപയാണ് പാലിന്‌ സബ്‌സിഡി ലഭിക്കുക. റിവോൾവിങ്‌ ഫണ്ടിനത്തിൽ കറവപ്പശുവിനെ വാങ്ങുന്ന ഓരോ കർഷകനും 40,000 രൂപയാണ് ലഭിക്കുക. പശുവിനെ വാങ്ങി ഇൻഷ്വർ ചെയ്തതിനു ശേഷമാണ് തുക നൽകുന്നത്. ഓമല്ലൂർ പഞ്ചായത്തിലെ ഐമാലി, കോഴഞ്ചേരി പഞ്ചായത്തിലെ കോഴഞ്ചേരി ഈസ്റ്റ്, ചെറുകോൽ പഞ്ചായത്തിലെ കീക്കൊഴൂർ എന്നീ ക്ഷീരോൽപാദക സഹകരണസംഘ പ്രതിനിധികൾക്ക് ആനുകൂല്യം നേരിട്ടു നൽകിയാണ് ഉദ്ഘാടനം ചെയ്‌തത്. ജില്ലയിലെ 70 ക്ഷീരസംഘം പ്രതിനിധികൾ ഓൺലൈനായി നടന്ന യോഗത്തിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ബീനാ പ്രഭ അധ്യക്ഷയായി. ആർ അജയകുമാർ, ജിജി മാത്യൂ,  ജോർജ് ഏബ്രഹാം, സി കൃഷ്ണകുമാർ, സാറാ തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ആർ മുരളീധരൻനായർ, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ സിന്ധു, അസി. ഡയറക്ടർ പി അനിത എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News