കൊക്കയാറിൽ ജനകീയപാലം നാളെ നാടിന് സമർപ്പിക്കും



മുണ്ടക്കയം  ഒക്ടോബറിലെ പ്രളയത്തിൽ തകർന്നൊഴുകിയ കൊക്കയാർ പാലത്തിനു പകരം ജനകീയ സമിതി  നിർമിച്ച പാലം ബുധനാഴ്ച യാത്രക്കായി തുറന്നുനൽകും. കുറ്റിപ്ലാങ്ങാട്, വെംബ്ലി, വടക്കേമല, ഉറുമ്പിക്കര, പ്രദേശങ്ങളിലെ ആയിരക്കണക്കിനാളുകളുടെ സഞ്ചാരമാർഗമാണ്‌ പ്രളയം തകർത്തത്‌. മറുകര കടക്കാൻ മാർഗമില്ലാതായതോടെയാണ്‌ ജനകീയ പാലമെന്ന  ആവശ്യം നാട്ടുകാർ മുന്നോട്ടുവച്ചത്. വിവിധ രാഷ്ട്രീയ പാർടിയിൽ പ്രവർത്തിക്കുന്ന ആളുകൾ ഒത്തു ചേർന്നു വാഹിദ് കോട്ടവാതുക്കൽ കൺവീനറായി ആരംഭിച്ച സമിതിയാണ് പാലം നിർമാണം പൂർത്തീകരിച്ചത്.     അഞ്ചു ലക്ഷത്തിലധികം രൂപ ചെലവഴിച്ച പാലത്തിനായി  നാട്ടിലെ താമസക്കാരിൽനിന്നും കർഷകരിൽനിന്നും വാങ്ങിയ സംഭാവനയുമാണ്‌ ഉപയോഗിച്ചത്. ചെറുവാഹനങ്ങൾ കടന്നുപോകാനാണ്‌ നിർമാണം തുടങ്ങിയതെങ്കിലും ബസ് യാത്രയ്‌ക്കും സാങ്കേതിക വിധഗ്‌ധർ  പരിശോധനയിൽ അനുമതി നൽകി. ഇതിനായി മേഖലയിൽ സർവീസ് നടത്തിവന്നിരുന്ന സ്വകാര്യ ബസ് പാലത്തിൽ കയറ്റി.  കെ കെ ധർമ്മിഷ്ടൻ, ഈപ്പൻമാത്യു, നൗഷാദ് വെംബ്ലി, പി ആർ തങ്കച്ചൻ, കെ എൽ ദാനിയേൽ, സജിത് കെ ശശി, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള ജനകീയസമിതി നിർമാണ ജോലികൾക്ക് നേതൃത്വം നൽകി. 26ന് പകൽ 3.30ന് പാലം ഉദ്ഘാടനം ചെയ്യുമെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനൻ അറിയിച്ചു. Read on deshabhimani.com

Related News