പത്തുമാസം; 1190 ടൺ 
 അജൈവ മാലിന്യങ്ങൾ നീക്കി



കൽപ്പറ്റ   അജൈവ മാലിന്യ നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലീൻ കേരള കമ്പനി ജനുവരി മുതൽ ഒക്ടോബർ വരെ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽനിന്ന് 1190 ടൺ അജൈവ മാലിന്യങ്ങൾ നീക്കി. 1042 ടൺ തരംതിരിക്കാത്തതും 148 ടൺ തരംതിരിച്ചതുമായ അജൈവ മാലിന്യങ്ങളാണ് നീക്കംചെയ്തത്. തരംതിരിച്ച അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് നൽകിയതിലൂടെ ജില്ലയിൽ ഹരിതകർമസേന 10,11,955 രൂപ നേടി. കൂടുതൽ തരംതിരിച്ച മാലിന്യങ്ങൾ നൽകിയത് പുൽപ്പള്ളി പഞ്ചായത്താണ്. 33.36 ടൺ മാലിന്യമാണ് ഇവിടെനിന്ന് നീക്കിയത്‌. മാലിന്യങ്ങൾ കുറവ് വെങ്ങപ്പള്ളി  പഞ്ചായത്തിലാണ്, 1180 കിലോഗ്രാം. തരം തിരിക്കാത്ത മാലിന്യങ്ങൾ എറ്റവും കൂടുതൽ ശേഖരിച്ചത് അമ്പലവയൽ പഞ്ചായത്തിൽനിന്നും കുറവ് കോട്ടത്തറ പഞ്ചായത്തിലുമാണ്. യഥാക്രമം 188 ടൺ, 11 ടൺ മാലിന്യങ്ങളാണ് ഇവിടങ്ങളിൽനിന്ന്‌ ശേഖരിച്ചത്.  ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ സെക്ടറുകളാക്കി തിരിച്ച് കൃത്യമായ ഷെഡ്യൂൾ പ്രകാരമാണ് ക്ലീൻ കേരള കമ്പനി തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് അജൈവ മാലിന്യ ശേഖരണം  നടത്തുക. ഇതുപ്രകാരം സെക്ടർ ഒന്നിൽ ഉൾപ്പെടുന്ന മാനന്തവാടി, ബത്തേരി നഗരസഭകൾ,  ബത്തേരി ബ്ലോക്ക്, എന്നിവിടങ്ങളിൽനിന്ന്‌ മാസത്തിലെ ആദ്യ ആഴ്ചയിലും സെക്ടർ രണ്ടിൽ ഉൾപ്പെടുന്ന മാനന്തവാടി ബ്ലോക്കിൽനിന്ന് രണ്ടാമത്തെ ആഴ്ചയിലും സെക്ടർ  മൂന്നിൽ ഉൾപ്പെടുന്ന പനമരം ബ്ലോക്കിൽനിന്ന് മൂന്നാമത്തെ ആഴ്ചയിലും സെക്ടർ നാലിൽ ഉൾപ്പെടുന്ന കൽപ്പറ്റ ബ്ലോക്കിൽനിന്ന് നാലാമത്തെ ആഴ്ചയിലും മാലിന്യം ശേഖരിക്കും. Read on deshabhimani.com

Related News