പക്കി, പൊങ്ങ പാലങ്ങള്‍ 
പൂർണമായി തുറക്കും



ആലപ്പുഴ എസി റോഡ് നവീകരണത്തിന്റെ ഭാ​ഗമായി പൊങ്ങ, പക്കി പാലങ്ങളുടെ നിർമാണം പൂർത്തിയായി. നിലവിൽ രണ്ടു പാലവും 10 മീറ്റർ വീതിയിൽ തുറന്നിട്ടുണ്ട്. രണ്ടാഴ്‍ചയ്‍ക്കകം പൂർണമായും തുറക്കും.  തോമസ് കെ തോമസ് എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോ​ഗത്തിലാണ് തീരുമാനം. അടുത്ത ഘട്ടമായി പാറശ്ശേരി, മാധവശ്ശേരി പാലങ്ങള്‍ പൊളിക്കും. പാറശ്ശേരി പാലം പൊളിക്കുന്ന നടപടി ഞായറാഴ്‌ച തുടങ്ങും. രണ്ട് പാലങ്ങൾക്കും സമീപം ഗതാഗതം തിരിച്ചുവിടാന്‍ ക്രമീകരിച്ച പാതകളുടെ ബലം വീണ്ടും ഉറപ്പുവരുത്തണമെന്നും ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കണമെന്നും കലക്‍ടര്‍ എ അലക്‍സാണ്ടര്‍ പറഞ്ഞു.  ഒരേസമയം രണ്ടു പാലങ്ങളുടെ നിർമാണം നടത്തുന്ന രീതിയിലാണ് ‌ക്രമീകരണം. മാധവശ്ശേരി പാലം പൊളിക്കുന്നതിന്‌ മുമ്പ് മാലോട് പാലം പൂർണമായും ഗതാഗത യോഗ്യമാക്കും. പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതുവരെ പൊതുഗതാഗതം തടസപ്പെടാതിരിക്കാൻ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. പദ്ധതി മേഖലകളിലെ എംഎൽഎമാരുടെ സാന്നിധ്യത്തിൽ എല്ലാ മാസവും അവലോകന യോഗം നടത്തി നിർവഹണ പുരോഗതി വിലയിരുത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. മൂന്നുമാസത്തിൽ ഒരിക്കൽ വകുപ്പ് മന്ത്രി പങ്കെടുക്കുന്ന അവലോകന യോഗവുമുണ്ടാകും.  ജില്ലാ വികസന കമീഷണർ കെ എസ് അ‍ഞ്ജു, കെഎസ്ടിപി, ബിഎസ്എൻഎൽ, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി ഉദ്യോഗസ്ഥർ, നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റി പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു. Read on deshabhimani.com

Related News