ലോട്ടറി തൊഴിലാളി സഹകരണ സംഘം:
പ്രചാരണം അടിസ്ഥാനരഹിതം: സിപിഐ എം



ബത്തേരി ജില്ലാ ലോട്ടറി തൊഴിലാളി സഹകരണ സംഘത്തിനെതിരെ ചിലർ നടത്തുന്ന തെറ്റായ പ്രചാരണങ്ങൾ രാഷ്‌ട്രീയ പ്രേരിതമാണെന്ന്‌ സിപിഐ എം നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബത്തേരി അർബൻ ബാങ്കിൽ ജോലി വാഗ്ദാനംചെയ്‌ത്‌ ഉദ്യോഗാർഥികളിൽനിന്ന്‌ മൂന്ന്‌ കോടിയിലധികം രൂപ കോഴയായി വാങ്ങിയവരാണ്‌ സഹകരണ സംഘത്തിലെ ജീവനക്കാരൻ നടത്തിയ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ സിപിഐ എമ്മിനെതിരെയും സംഘം പ്രസിഡന്റിനെതിരെയും തെറ്റായ പ്രചാരണം നടത്തുന്നത്‌. 2020 മാർച്ചിൽ ലോക്‌ഡൗണിനിടെ, സംഘത്തിൽ സെക്രട്ടറിയായിരുന്ന പി വി അജിത്ത്‌ രേഖകളിൽ കൃത്രിമംകാട്ടി സംഘത്തിന്റെ പണം അപഹരിച്ചതിനെതിരെ ബത്തേരി പൊലീസിൽ സംഘം നൽകിയ പരാതിയിൽ കേസെടുക്കുകയും അജിത്തിനെ അതിനുമുമ്പ്‌ സസ്‌പെൻഡ്‌ ചെയ്‌തതുമാണ്‌. സംഘത്തിന്‌ ലഭിക്കാനുള്ള പണം വസൂലാക്കുന്നതിന്‌ ജോയിന്റ്‌ രജിസ്‌ട്രാറുടെ കോടതിയിൽ കേസും ഫയലാക്കി. കണക്കുകളിൽ കൃത്യത വരുത്തുന്നതിന്‌ ഭരണസമിതി തീരുമാനപ്രകാരം ജോയിന്റ്‌ രജിസ്‌ട്രാർക്ക്‌ കത്ത്‌ നൽകിയത്‌ പ്രകാരം പ്രഖ്യാപിച്ച അന്വേഷണം നടക്കുകയാണ്‌. ആറ്‌ വിൽപ്പനശാലകളിലൂടെ സംഘത്തിൽ ലോട്ടറി ടിക്കറ്റിന്റെ മൊത്ത–-ചില്ലറ വിൽപ്പനയാണ്‌ സഹകരണ വകുപ്പിന്റെ അനുമതിയിൽ നടക്കുന്നത്‌. പൊതുമാർക്കറ്റിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ്‌ ടിക്കറ്റുകൾ തൊഴിലാളികൾക്ക്‌ നൽകുന്നത്‌. സഹകരണ വകുപ്പിന്റെ ഓഡിറ്റ്‌ എല്ലാ വർഷവും നടത്തിയിട്ടുണ്ട്‌. ഓഡിറ്റ്‌ പ്രകാരം സംഘം മുൻവർഷവും ലാഭത്തിലാണ്‌. സുതാര്യമായി പ്രവർത്തിക്കുന്ന സംഘത്തിനെതിരെയുള്ള രാഷ്‌ട്രീയ ദുഷ്‌ടലാക്ക്‌ സമൂഹം തിരിച്ചറിയും. അർബൻ ബാങ്ക്‌ അഴിമതിയിൽനിന്ന്‌ മുഖം രക്ഷിക്കാനാണ്‌ സംഘത്തിലെ ജീവനക്കാരന്റെ ഭാഗത്ത്‌ നിന്നുണ്ടായ ക്രമക്കേട്‌ പെരുപ്പിച്ച്‌ കാണിച്ച്‌ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ ഉൾപ്പെടെ അപവാദപ്രചാരണം നടത്തുന്നതെന്ന്‌ നേതാക്കൾ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം വി വി ബേബി, ജില്ലാ കമ്മിറ്റി അംഗം പി ആർ ജയപ്രകാശ്‌, ഏരിയാ സെക്രട്ടറി ബേബി വർഗീസ്‌, ഏരിയാ കമ്മിറ്റി അംഗം പി കെ രാമചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News