ദുരിതകാലം തീർന്നു; 
സൗമ്യക്ക് കുടിവെള്ളം വീട്ടിലെത്തി

ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, വി കെ പ്രശാന്ത് എംഎൽഎ എന്നിവരെ സൗമ്യ പാട്ടുപാടി സ്വീകരിക്കുന്നു


പേരൂർക്കട  സൗമ്യക്കും കുടുംബത്തിനും ഇനി കുടിവെള്ളം തേടി അലയേണ്ട, വെള്ളം വീട്ടിനുള്ളിലെത്തും. പേരൂര്‍ക്കട അഭയനഗര്‍ 137 ലെ മുക്കാൽ സെ​ന്റ് പുരയിടത്തിലാണ് സൗമ്യയും കുടുംബവും. ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക്‌ വിധേയയായി വീല്‍ചെയറിലാണ് അം​ഗപരിമിതകൂടിയായ സൗമ്യ.  വൃദ്ധരായ അച്ഛനും അമ്മയും രോഗബാധിതരായതോടെ കുടിവെള്ളം ചുമന്നെത്തിക്കൽ ബുദ്ധിമുട്ടായി. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം ദുർല​ഭമായി. തുടർന്നാണ് സൗമ്യ ജലവിഭവ മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയത്. ഈ സമയം മുഖ്യമന്ത്രി പങ്കെടുക്കുന്ന ഓൺലൈൻ മീറ്റിങ്ങിലായിരുന്നു മന്ത്രി.  മുഖ്യമന്ത്രിയുടെ നിർദേശംകൂടി ആയതോടെ ഉടനടി പരിഹാരമായി. സാങ്കേതിക തടസ്സങ്ങളാലാണ് കുടിവെള്ള കണക്ഷൻ ലഭിക്കാതിരുന്നത്. തടസ്സങ്ങൾ പരിഹരിച്ചതോടെ മന്ത്രി റോഷി അഗസ്റ്റിൻതന്നെ വി കെ പ്രശാന്ത് എംഎൽഎക്കൊപ്പം സൗമ്യയുടെ വീട്ടിലെത്തി. ഗായിക കൂടിയായ സൗമ്യ പാട്ടുപാടിയാണ് മന്ത്രിയെ വരവേറ്റത്. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ജമീല ശ്രീധരൻ ഒപ്പമുണ്ടായി.   Read on deshabhimani.com

Related News