മുജീബ് റഹ്മാന്റെ ദുരൂഹ മരണം: 3 പേര്‍കൂടി അറസ്റ്റില്‍
നിലമ്പൂർ കോട്ടക്കൽ വെസ്റ്റ് വെല്ലൂർ സ്വദേശി പള്ളിത്തൊടി മുജീബ് റഹ്മാ (29)നെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മൂന്നുപേർകൂടി അറസ്റ്റിൽ. മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം മുഹ്സിൻ (27), അത്തിമണ്ണിൽ അൻവർ ഷാഹിദ് (25), മുട്ടിപ്പാലം സ്വദേശി പേരാപ്പുറം ജാഫർ ഖാൻ (24) എന്നിവരെയാണ് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി വിഷ്ണു അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതി മഞ്ചേരി മാലാംകുളം സ്വദേശി മധുരക്കറിയൻ ഷാഹുലിനെ ഒളിവിൽപോകാൻ സഹായിച്ചവരാണ് പിടിയിലായത്. ബംഗളൂരുവിൽ ഒളിവിൽകഴിഞ്ഞിരുന്ന ഷാഹുൽ പൊലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. ഷാഹുൽ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ ഗൂഡല്ലൂർ ഭാഗത്തുനിന്ന് വരുന്നുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നിലമ്പൂർ തേക്ക് മ്യൂസിയത്തിനുസമീപം പൊലീസ് കാർ തടയാൻ ശ്രമിച്ചെങ്കിലും സംഘം വെട്ടിച്ച് കടന്നു. പിന്തുടർന്ന പൊലീസ് നിലമ്പൂർ പോസ്റ്റ് ഓഫീസിനുസമീപം കാർ തടഞ്ഞപ്പോഴാണ് മൂന്നുപേരും പിടിയിലായത്. പിടിയിലായ പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി. നേരത്തെ അറസ്റ്റിലായ 12 പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 18നാണ് മുജീബ് റഹ്മാനെ മമ്പാട് തുണിക്കടയിലെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലമ്പൂർ ഡിവൈഎസ്പി സാജു കെ അബ്രഹാമിന്റെ നിർദേശപ്രകാരം എസ്ഐമാരായ നവീൻ ഷാജ്, എഎസ്ഐമാരായ വി കെ പ്രദീപ്, റെനി ഫിലിപ്പ്, അൻവർ സാദത്ത്, എ ജാഫർ, സജേഷ്, ധന്യേഷ്, പ്രത്യേക അന്വേഷക സംഘത്തിലെ എസ്ഐ എം അസൈനാർ, എൻ പി സുനിൽ, കെ ടി ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജോക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്. Read on deshabhimani.com