മെഗാമേളയിലുണ്ടൊരു ‘കൃഷിവീട്'

എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനെത്തിയവര്‍


തിരുവനന്തപുരം യുവാക്കളെ കൃഷിയിലേക്ക് മാടിവിളിച്ച് കാർഷിക വികസന ക്ഷേമ വകുപ്പിന്റെ പ്രദർശന, വിപണന സ്റ്റാളുകൾ കനകക്കുന്നിലെ എന്റെ കേരളം മെഗാമേളയിൽ സജീവമാകുന്നു. കൃഷിയിലേക്ക് ആകർഷിക്കുന്ന സംയോജിത കൃഷിയിടം കുട്ടികൾക്കും  കൗതുകക്കാഴ്ചയാണ്.  കൃഷിയിടത്തിന്റെ വിനിയോഗം എങ്ങനെ സാധ്യമാക്കാമെന്നതാണ് സംയോജിത കൃഷിയിടത്തിന്റെ പുനരാവിഷ്‌കാരത്തിലൂടെ അവതരിപ്പിക്കുന്നത്. നെൽപ്പാടവും ചെറിയ നീർച്ചാലുകളും താറാവും കോഴിയും മുയലും വെച്ചൂർ പശുവും കനേഡിയൻ കുള്ളൻ ആടുമൊക്കെയുള്ള ഒരു ഗ്രാമീണ ഭവനത്തിന്റെ മാതൃക. പരിമിതമായ സ്ഥലത്ത് എങ്ങനെയെല്ലാം വിവിധ തരം കൃഷികൾ ചെയ്യുന്നുവെന്നത് കണ്ടിരിക്കേണ്ട കാഴ്ചയാണ്. പുരയിടത്തിന്റെ വളരെ ചെറിയ ഭാഗത്ത് വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ നട്ടുവളർത്തുന്നു. കൂടാതെ തേനീച്ചക്കൂട്, ലവ് ബേർഡ്‌സ്, നെൽക്കൃഷി, അസോള കൃഷി, പോളി ഹൗസ് മാതൃക, ബയോഗ്യാസ് പ്‌ളാന്റ്, പുഷ്പ കൃഷി, വെഞ്ച്വറി യൂണിറ്റ്, കിണർ റീചാർജിങ്, ഫെൻസിങ്‌ സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. നെൽവയലിലെ കാഴ്ചകൾ ഫാം ടൂറിസത്തിന്റെ അനന്തസാധ്യതകളെ തുറന്ന് കാട്ടുന്നു.   വിരൂപാക്ഷി, നമ്രാലി, സന്ന ചെങ്കദളി, കൂമ്പില്ലാ കണ്ണൻ തുടങ്ങി വിവിധയിനം വാഴത്തൈകൾ 15 രൂപ മുതൽ ലഭ്യമാക്കുന്ന പാലോട് ബനാന ഫാമിന്റെ സ്റ്റാളുമുണ്ട്. ഇതിന് പുറമെ മാവ്, തെങ്ങ്, തായ്‌ലൻഡ് ജാമ്പ, തായ്‌ലൻഡ് റമ്പൂട്ടാൻ, പാലോടൻ വരിക്ക, നാരകം, കറിവേപ്പില, പിച്ചി, മുല്ല എന്നിവയുടെ തൈകളും വാങ്ങാം.  ജില്ലാ പഞ്ചായത്തിന്റെ പെരിങ്ങമ്മലയിലുള്ള ജില്ലാ കൃഷിത്തോട്ടത്തിൽനിന്നും വിവിധ കാർഷിക വിളകളുടെ തൈകളും വിതരണത്തിനുണ്ട്‌.   അഡാർ 
സെൽഫി പോയിന്റ്   തിരുവനന്തപുരം 360 ഡിഗ്രിയിൽ വട്ടം കറങ്ങിയാൽ നല്ല കലക്കൻ സെൽഫി വീഡിയോ. ക്യൂആർ കോഡ് വെറുതെ ഒന്ന് സ്‌കാൻ ചെയ്താൽ സെൽഫി വീഡിയോ മൊബൈൽ ഫോണിന്റെ ഗ്യാലറിയിൽ ഞാനിതാ എത്തിയേ എന്നുപറഞ്ഞ് വന്നെത്തും.  എന്റെ കേരളം മെഗാമേളയുടെ ഭാഗമായി കനകക്കുന്നിലുള്ള ഇൻഫർമേഷൻ ആൻഡ്‌ പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ പവലിയനകത്താണ്  കൗതുക കാഴ്ചകൾ ഉള്ളത്.    സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന 360 ഡിഗ്രി സെൽഫി കാമറയാണ് പവലിയനിലെ പ്രധാന ആകർഷണം. ഒറ്റയ്‌ക്കോ കൂട്ടായോ 360 ഡിഗ്രി സെൽഫി ബൂത്തിൽ എത്തി സെൽഫി വീഡിയോ എടുക്കാം. ഐഫോണിൽ മികച്ച ക്വാളിറ്റിയിൽ എടുക്കുന്ന വീഡിയോ ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് നമ്മുടെ മൊബൈൽ ഫോണിൽ അപ്പോൾ  ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.    കേരള സർക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ചുള്ള വിലയേറിയ അഭിപ്രായങ്ങൾ 'ഞാനും പറയാം' എന്ന സെഗ്മെന്റിന്റെ ഭാഗമായി ഓഡിയോ ബൂത്തിലെത്തി രേഖപ്പെടുത്താം. നിങ്ങളുടെ അഭിപ്രായങ്ങൾ ഓഡിയോ രൂപത്തിൽ റെക്കോഡ് ചെയ്യപ്പെടും.   ഡിജിറ്റൽ ക്വിസ് മത്സരത്തിൽ പങ്കെടുത്തശേഷം മൂന്നുചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ലക്കി ഡ്രോയിൽ പങ്കെടുക്കാൻ അവസരമുണ്ട്.  27 വരെ ഡിജിറ്റൽ ക്വിസിൽ പങ്കെടുക്കാം.   അൽഫോൺസയുണ്ട്, മൽഗോവയുണ്ട്, 
കല്ലാമയുണ്ട്   തിരുവനന്തപുരം മാമ്പഴപ്രേമികളെ ആകർഷിക്കാൻ കൊതിയൂറും മാമ്പഴ വൈവിധ്യവുമായി ഫോർട്ടികോർപ്പ്‌.  അൽഫോൻസാ മുതൽ സിന്ദൂർ, മല്ലിക, കല്ലാമ, മൽഗോവ തുടങ്ങി 12 ഇനം മാമ്പഴങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് 'എന്റെ കേരളം' മെഗാ പ്രദർശന-വിപണന മേളയിൽ ഒരുക്കിയത്. നീലം, മൂവാണ്ടൻ, ബംഗാനപ്പള്ളി, കോട്ടൂകോണം മാമ്പഴങ്ങൾക്കാണ് ആവശ്യക്കാരേറെയുള്ളത്‌.    പാലക്കാട്, മൂന്നാർ തുടങ്ങി വിവിധ പ്രദേശങ്ങളിൽനിന്ന് ഹോർട്ടികോർപ്പ്‌ നേരിട്ട് ശേഖരിക്കുന്ന വിഷാംശമില്ലാതെ ജൈവ രീതിയിൽ കൃഷി ചെയ്ത മാമ്പഴങ്ങളാണിവ. എല്ലാ ഇനങ്ങൾക്കും വിപണി വിലയേക്കാൾ മികച്ച വിലക്കുറവിലാണ് വിൽപ്പന. 45 മുതൽ 160 രൂപ വരെ നൽകി മാമ്പഴം വാങ്ങാം.   മേളയിൽ ഇരട്ടിമധുരം പകർന്നു ഹോർട്ടികോർപ്പിന്റെ 'അമൃത്' തേനും തേനിന്റെ മറ്റ് മൂല്യവർധിത ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. കർഷകരിൽനിന്ന് നേരിട്ട് സംഭരിച്ച് ശാസ്ത്രീയമായി നിർമിച്ച അഗ്മാർക്ക് ഗുണനിലവാര മുദ്രയോടുകൂടിയതാണ് ഹോർട്ടികോർപ്പ്‌ "അമൃത്' തേൻ. ചെറുതേനിനും കാട്ടുതേനിനും പുറമെ ചക്ക, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ തുടങ്ങിയവ കൊണ്ട് സംസ്‌കരിച്ച ഔഷധഗുണമേറിയ തേനും ഇവിടെ ലഭിക്കും.   Read on deshabhimani.com

Related News