കുട്ടികളുടെ ചലച്ചിത്രാസ്വാദന 
ക്യാമ്പിന് തുടക്കം



കൊല്ലം കുട്ടികളിൽ ഉയർന്ന ചലച്ചിത്ര ആസ്വാദനശീലം വളർത്തുന്നതിന് സംസ്ഥാന ചലച്ചിത്ര അക്കാദമി കൊല്ലം ശ്രീനാരായണഗുരു സംസ്‌കാരിക സമുച്ചയത്തിൽ   സംഘടിപ്പിക്കുന്ന ചലച്ചിത്ര ആസ്വാദന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ഉദ്ഘാടനംചെയ്തു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി അരുൺ ഗോപി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമൺ, ക്യാമ്പ് ഡയറക്ടർ ഗായത്രി വർഷ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈൻദേവ് എന്നിവർ പങ്കെടുത്തു. നടൻ പ്രേംകുമാറുമായി കുട്ടികൾ സംവദിച്ചു. ‘ചലച്ചിത്രാസ്വാദനത്തിന് ഒരു ആമുഖം’ വിഷയത്തിൽ സംവിധായികയും നടിയുമായ സൗമ്യ സദാനന്ദനും ‘കഥയും തിരക്കഥയും’ വിഷയത്തിൽ പി വി ഷാജികുമാറും ക്ലാസെടുത്തു. തുടർന്ന് ഹൈഫ അൽ മൻസൂർ സംവിധാനംചെയ്ത സൗദി അറേബ്യൻ സിനിമയായ വാജ്ദ പ്രദർശിപ്പിച്ചു. ശിശു ക്ഷേമസമിതിയുടെയും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെയും സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ തെക്കൻ ജില്ലകളിൽ നിന്നുള്ള എട്ട്‌, ഒമ്പത്‌, 10 ക്ലാസിലുള്ള 56 കുട്ടികളാണ് പങ്കെടുക്കുന്നത്. ജിയോ ബേബി, ജി പ്രജേഷ് സെൻ, വിപിൻ ആറ്റ്‌ലി തുടങ്ങിയവർ തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസെടുക്കും. സമാപനദിവസം നടൻ എം മുകേഷ് എംഎൽഎ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ സമ്മാനിക്കും. ബോം ജൂങ് ഹും സംവിധാനംചെയ്ത ഒക്ജ, സത്യജിത് റേയുടെ ടു, അബ്ബാസ് കിരോസ്തമിയുടെ ടു സൊല്യൂഷൻസ് ഫോർ വൺ പ്രോബ്‌ളം, ആൽബർട്ട് ലമോറിസ് സംവിധാനംചെയ്ത ഫ്രഞ്ച് ചിത്രമായ ദി റെഡ് ബലൂൺ തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. Read on deshabhimani.com

Related News