എലിപ്പനിക്കെതിരെ 
‘ഡോക്‌സി വാഗണ്‍’ പര്യടനം



കൊല്ലം എലിപ്പനിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ ‘ഡോക്‌സി വാഗൺ’ന്റെ ഒരാഴ്ച നീളുന്ന പര്യടനം ആരംഭിച്ചു. സിവിൽസ്റ്റേഷൻ അങ്കണത്തിൽ കലക്ടർ അഫ്‌സാന പർവീൺ ഫ്ലാഗ്‌ ഓഫ്‌ചെയ്‌തു. മലിനജല സമ്പർക്കമുള്ളവർ, തൊഴിലുറപ്പു തൊഴിലാളികൾ, ക്ഷീരകർഷകർ, വളർത്തുമൃഗങ്ങളുമായി ഇടപെടുന്നവർ തുടങ്ങിയവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണം. സ്വയംചികിത്സ ഒഴിവാക്കണമെന്നും കലക്ടർ പറഞ്ഞു. കലക്ടറും മെഡിക്കൽ ഓഫീസ് ജീവനക്കാരും ഡോക്‌സിസൈക്ലിൻ ഗുളിക കഴിച്ച് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായി.പുനലൂർ, പത്തനാപുരം, അഞ്ചൽ, ഏരൂർ പിറവന്തൂർ കരുനാഗപ്പള്ളി എന്നിവിടങ്ങളാണ് ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകൾ. കന്നുകാലികൾ, വളർത്തുമൃഗങ്ങൾ തുടങ്ങിയവയുടെ മൂത്രത്തിൽനിന്നും മലിനജലത്തിൽ നിന്നുമാണ് എലിപ്പനി പകരുന്നത്. പനി, കണ്ണിന് പുറകിൽ വേദന, മാംസപേശികൾക്ക് വേദന, മഞ്ഞപ്പിത്തം എന്നീ രോഗലക്ഷണങ്ങളുള്ളവർ ഡോക്ടറുടെ സേവനം തേടണം. എലിപ്പനി ബാധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയില്ലാത്തതിനാൽ മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ ചികിത്സയ്ക്ക് എത്തുമ്പോൾ ഡോക്ടറോട് അക്കാര്യം വ്യക്തമാക്കണം. രോഗം തീവ്രമാകുമ്പോൾ തലച്ചോറ്, ശ്വാസകോശം, ഹൃദയം എന്നിവയെ ദോഷകരമായി ബാധിക്കും.എല്ലാ പിഎച്ച്സി, എഫ്എച്ച്സി, സിഎച്ച്സി, പ്രധാന ആശുപത്രികൾ എന്നിവിടങ്ങളിൽ ഡോക്‌സി കോർണർ സജ്ജീകരിച്ചിട്ടുണ്ട്. കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, പുനലൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്കാശുപത്രികൾ, ജില്ലാ പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിൽ പരിശോധനാ സംവിധാനവുമുണ്ട്.ജില്ലാ സർവൈലൻസ് ഓഫീസർ ആർ സന്ധ്യ, ഡെപ്യൂട്ടി ഡിഎംഒ സാജൻ മാത്യൂസ്, മാസ് മീഡിയ ഓഫീസർമാരായ ദിലീപ് ഖാൻ, എസ് ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു Read on deshabhimani.com

Related News