ഹൈടെക്കിനൊപ്പം ഓൺലൈൻ ചുവടിലേക്ക്‌



തൃശൂർ മൂർക്കനിക്കരയിലെ കൊച്ചു ഗവ. യുപി സ്കൂളിന്റെ സ്ഥാനത്ത് ഉയരുകയാണ് ഹൈടെക് കെട്ടിടസമുച്ചയം. തലമുറകൾക്ക്‌ അറിവുപകർന്ന അക്ഷരമുത്തശ്ശിയുടെ 100–-ാം പിറന്നാൾ സമ്മാനം.  എൽഡിഎഫ് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗ്രാമങ്ങളിലെ സ്കൂളുകളും ഹൈടെക്കാകുന്നതിന്റെ സാക്ഷ്യപത്രമാണീ കെട്ടിടം. കോവിഡ്‌ കാലത്ത്‌ ഹൈടെക്‌ കെട്ടിടങ്ങൾക്കൊപ്പം ഓൺലൈൻ പഠനങ്ങളിലേക്കും കേരളം ചുവടുവയ്‌ക്കുകയാണ്‌.   68 കോടി രൂപ ചെലവിലാണ്  മൂർക്കനിക്കര ഗവ. യുപി സ്‌കൂൾ കെട്ടിടം പൂർത്തിയാവുന്നത്.  മൂന്നു നിലയിലുള്ള കെട്ടിടത്തിൽ മൂന്ന് ക്ലാസ്‌റൂമുകൾ വീതമുണ്ട്. ക്ലാസ്റൂമുകൾ ഹാളാക്കാനും കഴിയും.  ഹെഡ്മാസ്റ്ററുടെ മുറി, കംപ്യൂട്ടർ ലാബ്, ക്യാമറകൾ തുടങ്ങിയ സംവിധാനങ്ങളുണ്ട്. പ്രത്യേകം ടോയ്‌ലറ്റ്‌ ബ്ലോക്കിനു പുറമെ ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുമുണ്ട്‌.  മുകളിൽ ട്രസിട്ട് ഓഡിറ്റോറിയമാക്കും. ജനകീയ പങ്കാളിത്തവും നിർമാണത്തിന്‌ സഹായകമായി. റിട്ട. പിഡബ്ല്യുഡി എൻജിനിയർമാരായ ഇ വി മോഹൻ, ടി വി രവിന്ദ്രനാഥ് എന്നിവർ സൗജന്യമായി കെട്ടിടത്തിന്റെ പ്ലാൻ തയ്യാറാക്കി നൽകി. പിഡബ്ല്യുഡി എൻജിനിയർ ബിന്ദുവും സഹായിച്ചു. കെ രാജൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ആർ രജിത്, പ്രധാനാധ്യാപിക കെ എസ്‌ പത്മിനി, പിടിഎ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. അന്തർദേശീയ നിലവാരത്തിലേക്ക് വിദ്യാലയങ്ങളെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ 13 മണ്ഡലങ്ങളിൽ ഓരോ സ്കൂളിനും അഞ്ചുകോടി രൂപ വീതവും 17 സ്കൂളുകൾക്ക് മൂന്നുകോടി രൂപ വീതവും അനുവദിച്ചു. ഇവിടെയെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയും കെട്ടിടങ്ങൾ ഉയരുന്നുണ്ട്. ജില്ലയിലെ മുഴുവൻ ഹൈസ്കൂൾ, വിഎച്ച്എസ്ഇ, ഹയർസെക്കൻഡറി സ്കൂളുകളും ഹൈടെക്കായി. കോവിഡ്  അതിജീവനത്തിന്റെ ഭാഗമായി ഓൺലൈൻ പഠനങ്ങൾക്കും തുടക്കംകുറിക്കുകയാണ്. Read on deshabhimani.com

Related News