നാൾവഴികൾ തുറന്ന് ചരിത്രപാഠശാല



കോട്ടയം വൈക്കം സത്യഗ്രഹത്തിലേക്ക്‌ നയിച്ച സാമൂഹ്യ സാഹചര്യങ്ങളിലേക്കും പ്രക്ഷോഭത്തിന്റെ സൂക്ഷ്മതലങ്ങളിലേക്കും വെളിച്ചംവീശി ചരിത്രപാഠശാല. സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ച്‌ ടി കെ സ്‌മാരക സാംസ്‌കാരിക പഠനകേന്ദ്രം  നേതൃത്വത്തിൽ വ്യാഴാഴ്ച നടത്തിയ പാഠശാല, സമരത്തിന്റെ നാൾവഴികളിലേക്കും സംഘാടനത്തിന്റെ അധികം വെളിപ്പെടാത്ത കഠിനപ്രയാണങ്ങളിലേക്കും വഴിതുറക്കുന്നതായി. ജില്ലാ സെക്രട്ടറിയറ്റ് അംഗവും ചരിത്രകാരനുമായ അഡ്വ. പി കെ ഹരികുമാർ വിഷയം അവതരിപ്പിച്ചു.  മേൽക്കോയ്മകൾക്കും മാറ്റിനിർത്തലുകൾക്കും അനാചാരങ്ങൾക്കുമെതിരെ ഉയർന്നുവന്ന സമരങ്ങളുടെ കൂട്ടായ്മയാണ്‌ സ്വാതന്ത്ര്യസമരമെന്ന്‌ ഹരികുമാർ പറഞ്ഞു. ഇതിലേക്ക്‌ കേരളത്തിന്റെ ഏറ്റവും കനപ്പെട്ട സംഭാവനയാണ് വൈക്കം സത്യഗ്രഹം. അതിസൂക്ഷ്മമായ മുന്നൊരുക്കങ്ങളോടെ എല്ലാ വിഭാഗം ആളുകളിൽനിന്നും ഉയർന്നുവന്ന മനുഷ്യത്വമുള്ളവരുടെ കൂട്ടായ്മ നടത്തിയ സമരമാണിത്‌.  കമ്യൂണിസ്റ്റുകാരും സമരത്തിന്റെ ഭാഗമായി. ശ്രീനാരായണ ഗുരുവിന്റെ നിർണായക പിന്തുണയും മഹാത്മാ ഗാന്ധിയുടെ ഏകോപനവും ടി കെ മാധവന്റെ നേതൃപാടവും ഇ വി രാമസ്വാമിയുടെ ഇടപെടലും നിർണായകമായി. നൂൽ നൂൽക്കാനും പ്രാർഥിക്കാനും ചികിത്സ നൽകാനും ഭക്ഷണം ഒരുക്കാനും പണം സൂക്ഷിക്കാനും വരെ സത്യഗ്രഹ പന്തലിൽ സൗകര്യം ഒരുക്കിയിരുന്നു.  പ്രകോപനം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന്‌ കണ്ട്‌ ശ്രീനാരായണഗുരുവിന്റെ ചില നിർദേശങ്ങൾ പോലും വിലക്കിയ ഗാന്ധി, അകാലികളുടെ സാന്നിധ്യവും ജോർജ് ജോസഫിന്റെ നേതൃത്വവും നിരുത്സാഹപ്പെടുത്തി. അന്നുതന്നെ വിമർശിക്കപ്പെട്ടെങ്കിലും സമരത്തിന്റെ ഗതിമാറ്റിവിടാൻ ഇവ കാരണമാകുമെന്ന് കണ്ടെത്തി എടുത്ത തന്ത്രപരമായ തീരുമാനങ്ങളായിരുന്നു ഇത്‌. സ്ത്രീകളുടെയും മുസ്ലിങ്ങളുടെയും അടക്കം പങ്കാളിത്തം സത്യഗ്രഹത്തിനുണ്ടായി. ആമയാടി തേവനും രാമൻ ഇളയതും ഇവിആറിന്റെയും ടി കെ മാധവന്റെയും ഭാര്യമാരും നാണിയമ്മയും മംഗളാമ്മയും ഹസ്സൻകോയയും ഖിലാഫത്ത് കമ്മിറ്റിയുടെ ഭാരവാഹികളുമെല്ലാം അവരവരുടേതായ വലിയ സംഭാവന നൽകി. എന്നാൽ  ഇന്ദിരാഗാന്ധി കല്ലിട്ട സത്യഗ്രഹ സ്‌മാരകം പൂർത്തിയാക്കാനും ദളവാക്കുളം ഏറ്റെടുക്കാൻപോലും പിന്നീട്‌ കോൺഗ്രസ്‌ തയ്യാറായില്ലെന്നും അതിന്‌ കമ്യൂണിസ്റ്റുകാർ വേണ്ടിവന്നെന്നും ഹരികുമാർ പറഞ്ഞു.  ജില്ലാ സെക്രട്ടറി എ വി റസൽ അധ്യക്ഷനായി. ജില്ല സെക്രട്ടറിയറ്റ്‌ അംഗം അഡ്വ. റെജി സഖറിയ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ , ജില്ലാസെക്രട്ടറിയറ്റംഗം കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News