വരവേൽക്കാൻ ഊരുകളിൽ ചെമ്പതാക ഉയർന്നു



അടിമാലി ആദിവാസി ക്ഷേമ സമിതി സംസ്ഥാന സമ്മേളനത്തിന്റെ വരവറിയിച്ച്‌  ആദിവാസി ഊരുകളിൽ പതാക ദിനം ആചരിച്ചു.     ഊരുകളിലും ക്ഷേമ സമിതി അംഗങ്ങളുടെ വീട്ടിലും പതാക നാട്ടിയാണ് സമ്മേളനത്തെ കുടിനിവാസികളാകെ വരവേറ്റത്. മുദ്രാവാക്യം  വിളികൾ മലമടക്കുകളിൽ തട്ടി പ്രതിധ്വനിച്ചു. മഴയിലും ചോരാത്ത ആവേശത്തിലാണ് പ്രവർത്തകർ പതാക ദിനം ഏറ്റെടുത്തത്. ആദിവാസി കുടികളിൽ രൂപീകരിച്ച സംഘാടക സമിതികളും സമ്മേളനം  ചരിത്രമാക്കാനുള്ള  പരിശ്രമത്തിലാണ്.  25,26,27 തിയതികളിലാണ് അടിമാലിയിൽ സംസ്ഥാന സമ്മേളനം ചേരുന്നത്.  വിവിധ ജില്ലകളിൽ നിന്നായി നാന്നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.  സമ്മേളനത്തിന് തുടക്കം കുറിച്ച് 25ന് സമര പതാക ഉയരും. വിവിധ ജാഥകൾ 25ന് അടിമാലിയിൽ സംഗമിക്കും. തുടർന്ന് പൊതുസമ്മേളന നഗറിൽ പതാക ഉയരും. വിവിധ ഗോത്ര കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ  അടിമാലി ടൗണിലെ പൊതുസമ്മേളന വേദിയിൽ എത്തിച്ചേരുന്ന ജാഥകളെ സ്വീകരിക്കാൻ അടിമാലി ഒരുങ്ങിക്കഴിഞ്ഞു.     കോവിൽക്കടവ് എ സുന്ദരത്തിന്റെ ബലികൂടീരത്തിൽ നിന്നും ആരംഭിക്കുന്ന പതാകജാഥ സംസ്ഥാന സെക്രട്ടറി ബി വിദ്യാധരൻ കാണി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ സി രാജേന്ദ്രൻ ക്യാപ്റ്റനും  ബി ആനന്ദൻ മാനേജരുമാണ്.     ജില്ലാ സെക്രട്ടറി കെ യു ബിനു ക്യാപ്റ്റനും ജോൺസൻ സാമുവേൽ മാനേജരുമായ കൊടിമരജാഥ കൃഷ്ണൻ ഒക്ലാവ് ഫ്ലാഗ് ഓഫ് ചെയ്യും. വെള്ളപ്പാറ കൊലുമ്പൻ സ്മാരകത്തിൽ നിന്നുമാണ് ജാഥ ആരംഭിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം സൗമ്യ സോമൻ ക്യാപ്റ്റനും  ജില്ലാ വൈസ് പ്രസിഡന്റ്‌ എം ആർ ദീപു മാനേജരുമായ ദീപശിഖ ജാഥ കൊരങ്ങാട്ടി സി കെ ഗൗരിയുടെ കുടീരത്തിൽ നിന്നുമാണ് ആരംഭിക്കുന്നത്. എകെഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News