ഡിവൈഎഫ്ഐ നേതാവിന്റെ വീട്‌ കഞ്ചാവ് മാഫിയാസംഘം ആക്രമിച്ചു

കഞ്ചാവ് മാഫിയാ സംഘത്തിന്റെ അക്രമത്തിൽ പരിക്കേറ്റ് 
ചികിത്സയിൽ കഴിയുന്ന ആനന്ദ് ഷിനുവിനെ ജില്ലാ പ്രസിഡന്റ് 
വി അനൂപ് സന്ദർശിക്കുന്നു


നേമം ഡിവൈഎഫ്ഐ നേതാവിന്റെ വീട്‌ കഞ്ചാവ്‌ മാഫിയ സംഘം അക്രമിച്ചു. കല്ലിയൂര്‍ മേഖലാ സെക്രട്ടറിയും പികെഎസ് ഏരിയ വൈസ് പ്രസിഡന്റുമായ ആനന്ദ് ഷിനുവിന്റെ വീടാണ്‌ അക്രമിച്ചത്‌. ആനന്ദിനെയും കുടുംബാംഗങ്ങളെയും മർദിച്ചു. ഞായർ രാവിലെ ഒമ്പതോടെയാണ്‌ സംഭവം.  കാക്കാമൂല ഇലവിന്‍വിള വീട്ടില്‍ അഭിന്‍ദേവും(ചിക്കു) സംഘവുമാണ്‌ അക്രമത്തിന്‌ പിന്നിൽ. ഇവർ ആനന്ദിന്റെ വീട്ടിലെത്തി അച്ഛൻ അശോക് കുമാറിനെ മർദിക്കുകയായിരുന്നു. ഈ സമയം അവിടെ ബൈക്കിലെത്തിയ സഹോദരി വിജിലയേയും എട്ടുവയസ്സുകാരിയായ മകൾ ശ്രേയയേയും അക്രമിച്ചു. വിജിലയുടെ  മാല വലിച്ചു പൊട്ടിച്ചു.  സംഭവമറിഞ്ഞ് വീട്ടിലെത്തിയ ആനന്ദിനെ കമ്പിപ്പാര ഉപയോഗിച്ച് കുത്തിക്കൊല്ലാൻ ശ്രമിച്ചു. ആനന്ദിന്റെ കൈയിൽ പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ആനന്ദിനേയും കുടുംബത്തേയും നേമം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളുടെ വീട്ടിൽ വെള്ളിയാഴ്ച എക്സൈസ് പരിശോധന നടത്തിയിരുന്നു. ഇതിൽ പ്രകോപിതരായാണ്‌ അക്രമം.  അഭിന്‍ദേവും സംഘവും മുമ്പ്‌ രണ്ട് തവണ ആനന്ദിനെയും പിതാവിനെയും വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇവരെ അന്ന്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു.  തുടർന്നും വധഭീഷണിയുണ്ടെന്ന്‌ ആനന്ദ്‌ നേമം പൊലീസില്‍ പരാതി നൽകിയിരുന്നു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ നേമം ബ്ലോക്ക് കമ്മിറ്റിയും പികെഎസ് നേമം ഏരിയ കമ്മിറ്റിയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പൊലീസ്‌ കേസെടുത്തു.  Read on deshabhimani.com

Related News