ആത്മവിശ്വാസത്തിന്റെ പഞ്ചുമായി ‘ബ്രൂസ്‌ലി ബിജി’മാർ



നീലേശ്വരം  ആത്മവിശ്വാസത്തെ ചോദ്യം ചെയ്‌തയാളെ  ബ്രൂസ്‌ലി കിക്ക്‌ ചെയ്‌ത്‌ തട്ടിൻപുറത്തുനിന്നും ജീവിതത്തിൽനിന്നും തെറിപ്പിച്ച ‘മിന്നൽ മുരളി’യിലെ ‘ബ്രൂസ്‌ലി ബിജി’യെ  സിനിമ കണ്ടവരാരും മറക്കില്ല.  ഒറ്റ സീനിൽതന്നെ പെൺകുട്ടികളുടെ ചങ്കുറപ്പ്‌ എന്താണെന്ന്‌ കാണിച്ചുകൊടുത്ത ‘ബ്രൂസ്‌ലി ബിജി’യെപ്പൊലെയാവുകയാണ്‌ നീലേശ്വരം നഗരസഭയിലെ പെൺകുട്ടികൾ.  സ്വയം പ്രതിരോധത്തിന്റെ അടവുകളും തടവുകളുമായി കരുത്തരാവുകയാണ്‌ ഈ  കുട്ടിപ്പെൺകൂട്ടം. ചങ്കുറപ്പുള്ള പെൺതലമുറയെ വാർത്തെടുക്കാനായി  നഗരപരിധിയിലെ സ്‌കൂളുകളിലെ  പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനമാണ്‌ സജീവമായത്‌. രാജാസ് ഹൈസ്കൂളിൽ ചെയർമാൻ ടി വി ശാന്ത പരിശീലനം ഉദ്‌ഘാടനം ചെയ്‌തു. സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നകാലത്ത്‌ ഇക്കാലത്ത് പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന്റെ പാഠങ്ങൾ പകരുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന്‌ ചെയർമാൻ പറഞ്ഞു.  രണ്ട് ബാച്ചുകളായി  രാജാസ് ഹൈസ്കൂളിലും എൻകെബിഎം സ്കൂളിലും  ആഴ്ചയിൽ മൂന്നുദിവസമാണ്‌ പരിശീലനം. രാജേഷാണ്‌ മുഖ്യ പരിശീലകൻ. ചടങ്ങിൽ ദാക്ഷായണി കുഞ്ഞിക്കണ്ണൻ അധ്യക്ഷയായി. വി ഗൗരി, കൗൺസിലർ പി ഭാർഗവി, മഡിയൻ ഉണ്ണികൃഷ്ണൻ, കലാശ്രീധർ,  ജയൻ, വിജീഷ്, നിഷ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News