നിളയോരത്തിലൂടെ സുന്ദരയാത്ര

നിര്‍മാണം പൂര്‍ത്തിയാകുന്ന കര്‍മ റോഡ്


  പൊന്നാനി  നിളയുടെ സൗന്ദര്യം ആവോളം നുകർന്ന്‌ യാത്രചെയ്യാം. പുഴയോര പാതയായ കർമ റോഡ്‌ നിർമാണം അന്തിമഘട്ടത്തിൽ. റബറൈസ്‌ കഴിഞ്ഞു. ചമ്രവട്ടംകടവ്മുതൽ ഹാർബർവരെയുള്ള റോഡിന്റെ സുരക്ഷാപ്രവൃത്തിയാണ്‌ ബാക്കി. നിളയോര പാതയും ടൂറിസം കേന്ദ്രവും ഉടൻ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചു.  എത്രയോ മലയാള ചിത്രങ്ങളിലൂടെ നാം കണ്ട നിളയുടെ സൗന്ദര്യംപോലെ അതിന്റെ ഓരം ചേർന്ന റോഡും സുന്ദരമാവുകയാണെന്ന്‌ മന്ത്രി കുറിച്ചു. ‘മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ മുൻകൈയിൽ റോഡിനും വിനോദ സഞ്ചാര കേന്ദ്രത്തിനും പ്രത്യേക പദ്ധതി കൊണ്ടുവന്നു. ഇതിന്റെ ഭാഗമായി റോഡുപണി ആരംഭിച്ചെങ്കിലും മന്ദഗതിയിലായിരുന്നു. പി നന്ദകുമാർ എംഎൽഎ വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ 2021 ജൂലൈയിൽ പ്രവൃത്തി  സന്ദർശിച്ചു. ടാറിങ് വേഗത്തിലാക്കാനും ടൂറിസം പദ്ധതിയും ഇതോടൊപ്പം നടപ്പാക്കാനും നിശ്ചയിച്ചു. പുഴയോട് ചേർന്ന് നിളയോര പാത, നിള മ്യൂസിയത്തോട് ചേർന്ന് പാർക്കിങ് ഗ്രൗണ്ട് തുടങ്ങിയ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. 2021 നവംബറിൽ മലപ്പുറം ജില്ലാ ഇൻഫ്രാസ്ട്രക്ചർ കോഡിനേഷൻ കമ്മിറ്റിയിൽ വീണ്ടും കർമാ റോഡ് പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി. ടാറിങ് വേഗത്തിൽ നടക്കുന്നുണ്ടായിരുന്നു. ടൂറിസം പദ്ധതിയും വേഗത്തിലാക്കാൻ തീരുമാനിച്ചു. ഇപ്പോൾ പൊന്നാനി കർമ റോഡ് ടാറിങ് പൂർത്തിയായി. പുഴയോര ടൂറിസം പദ്ധതി പുരോഗമിക്കുന്നു’–- മന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. Read on deshabhimani.com

Related News