നേരിയ ശമനം:
ഇന്ന് മഞ്ഞ അലർട്ട്



  കൽപ്പറ്റ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ച ജില്ലയിൽ വ്യാഴാഴ്‌ച മഴ ദുർബലമായെങ്കിലും ആശങ്ക തുടരുന്നു. ബുധനാഴ്‌ച വൈകിട്ട്‌ മുതൽ ശക്തിയാർജിച്ച മഴക്ക്‌ വ്യാഴാഴ്‌ച രാവിലെയോടെ ശമനമുണ്ടായി. വ്യാഴാഴ്‌ചയും കനത്ത മഴ പ്രവചിച്ചിരുന്നു. കുറഞ്ഞ സമയത്ത്‌ കൂടുതൽ മഴ എന്ന നിലയിലാണ്‌ മഴ പെയ്യുന്നതെന്ന്‌ കാലാവസ്ഥ നിരീക്ഷകർ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ മഴയും മണ്ണിടിച്ചിലും ഉണ്ടാവുമെന്ന ആശങ്കയും നിലനിൽക്കുന്നു. ജില്ലയിൽ വെള്ളി മുതൽ തിങ്കൾ വരെ മഞ്ഞ‌ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.      അതേസമയം ബുധനാഴ്‌ച നെന്മേനിയിൽ കനത്ത മഴയ്‌ക്കിടെ ഒഴുക്കിൽപ്പെട്ട്‌ കാണാതായ യുവാവിന്റെ മൃതദേഹം വ്യാഴാഴ്‌ച രാത്രിയോടെ കണ്ടെത്തി.  മഴയിൽ വെളളം കയറുന്നതും മണ്ണിടിച്ചിൽ ഭീഷണിയും കണക്കിലെടുത്ത്‌ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റി പാർപ്പിച്ചവരുടെ എണ്ണം 298 ആയി. ആറ്‌ ക്യാമ്പുകളിലായി 89 കുടുംബങ്ങളാണ്‌ കഴിയുന്നത്‌. വൈത്തിരി താലൂക്കിൽ മൂന്നും  മാനന്തവാടിയിൽ ഒന്നും ബത്തേരിയിൽ രണ്ടും  ക്യാമ്പുമാണ്‌ തുറന്നത്‌. വൈത്തിരിയിൽ  വാളാർമല ജിഎച്ച്‌എസ്‌, മൂപ്പൈനാട്‌ കടാശ്ശേരി അങ്കണവാടി, മുട്ടിൽ ഡബ്ലുഒയുപി എന്നിവിടങ്ങളിലാണ്‌ ക്യാമ്പ്‌. മാനന്തവാടിയിൽ ജിഎച്ച്‌എസ്‌ പുളിഞ്ഞാലിലെ ക്യാമ്പ്‌. ബത്തേരിയിൽ ചീരാൽ കല്ലിങ്കര സ്‌കൂളിലും നെന്മേനി ചെറുമാട്‌ സ്‌കൂളിലുമാണ്‌ ക്യാമ്പ്‌.   മുട്ടിൽ പഞ്ചായത്തിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത്‌ പഴശ്ശി കോളനിയിലെ 12 കുടുംബങ്ങളിലെ 43 ആളുകളെ വ്യാഴാഴ്‌ചയാണ്‌  മുട്ടിൽ ഡബ്ലുഒയുപി സ്‌കൂളിലേക്ക്‌ മാറ്റിയത്‌. കൂടുതൽ മഴ
ചീരാലിൽ   വ്യാഴാഴ്‌ച രാവിലെ 8.30 വരെയുളള 24 മണിക്കൂറിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്‌തത്‌ ചീരാലിൽ. 112 മില്ലീമീറ്റർ മഴയാണ്‌ പെയ്‌തത്‌. സ്ഥിരമായി ദുരന്തം ഭീതിവിതയ്‌ക്കുന്ന പുത്തുമല ചെമ്പ്ര മേഖലയിലും കനത്ത മഴയാണ്‌ പെയ്‌തത്‌.  പുത്തുമലയിൽ 97.6 മില്ലീമീറ്ററും ചെമ്പ്രയിൽ 91 മില്ലീമീറ്ററും മഴ പെയ്‌തു. ബാണാസുര കൺട്രോൾഷാഫ്‌റ്റ്‌ ഏരിയയിൽ 48.8 മില്ലീമീറ്റർ മഴ ലഭിച്ചു.  തദ്ദേശസ്ഥാപനങ്ങളിൽ നെന്മേനിയിലാണ്‌ കൂടുതൽ മഴ.  വ്യാഴാഴ്‌ച രാവിലെ എട്ട്‌ വരെയുള്ള 24 മണിക്കൂറിൽ നെന്മേനി(91 എംഎം), മേപ്പാടി(75 എംഎം) മഴ പെയ്‌തു.  കൽപ്പറ്റ നഗരസഭാപരിധിയിൽ 69 മില്ലീമീറ്റർ മഴ പെയ്‌തു. Read on deshabhimani.com

Related News