ഇനി സുഗമ സഞ്ചാരം

തിങ്കളാഴ്ച ഉദ്ഘാടനംചെയ്യുന്ന വാഴക്കാട് എളമരം കടവ് പാലം


കൊണ്ടോട്ടി മലപ്പുറം- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം തിങ്കളാഴ്‌ച മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. എളമരം കടവ് പാലത്തിനുസമീപം വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ വിശിഷ്ടാതിഥിയാവും.  ചാലിയാറിനുകുറുകെ എളമരം കടവിൽ നിർമിച്ച പാലം മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ എളമരത്തെയും കോഴിക്കോട് ജില്ലയിലെ മാവൂരിനെയും ബന്ധിപ്പിക്കുന്നു. കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 35 കോടി രൂപ ചെലവിട്ടാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 350 മീറ്റർ നീളത്തിലും 11.5 മീറ്റർ വീതിയിലും നിർമിച്ച പാലത്തിന് 10 സ്പാനുകളാണുള്ളത്. ചാലിയാറിലെ പ്രളയ സാധ്യത മുന്നിൽകണ്ട് വിദഗ്ധ സംഘത്തിന്റെ നിർദേശാനുസരണം ഒരു മീറ്റർ ഉയരംകൂട്ടി പാലത്തിന്റെ ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയാണ് നിർമാണം പൂർത്തീകരിച്ചത്.  പാലം‌മുതൽ എടവണ്ണപ്പാറവരെയുള്ള 2.8 കിലോമീറ്റർ അപ്രോച്ച് റോഡും എളമരം ജങ്ഷൻമുതൽ വാലില്ലാപുഴവരെയുള്ള 1.8 കിലോമീറ്റർ റോഡും മറുഭാഗത്ത് പാലംമുതൽ മാവൂർവരെയുള്ള ഒരു കിലോമീറ്റർ അപ്രോച്ച് റോഡുകളുടെ നിർമാണവും  പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചു. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ എളമരം, അരീക്കോട് കൊണ്ടോട്ടി ഭാഗത്തുള്ളവർക്ക് കോഴിക്കോട് മെഡിക്കൽ കോളേജ്, എൻഐടി, കുന്നമംഗലം, വയനാട് ഭാഗങ്ങളിലേക്കും കുന്നമംഗലം താമരശേരി, വയനാട് ഭാഗത്തുനിന്നുള്ളവർക്ക് കരിപ്പൂർ എയർപോർട്ട്, മലപ്പുറം, പാലക്കാട് മേഖലകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനാവും.  മലപ്പുറം പിഡബ്ല്യുഡി ദേശീയപാതാ വിഭാഗമാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല നിർവഹിച്ചത്. കോഴിക്കോട് ആസ്ഥാനമായുള്ള പിടിഎസ് ഹൈടെക് പ്രൊജക്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും കെകെ ബിൽഡേഴ്‌സും ചേർന്നാണ്  നിർമാണം പൂർത്തിയാക്കിയത്. Read on deshabhimani.com

Related News