കേന്ദ്രത്തിന്റേത്‌ ചെറുകിട കച്ചവടക്കാരെ 
തകർക്കുന്ന നിലപാട്‌: എ വിജയരാഘവൻ

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യുന്നു


പരപ്പനങ്ങാടി കുത്തക മുതലാളിമാരെ സഹായിക്കുകയും ചെറുകിട കച്ചവടക്കാരെ തകർക്കുകയും ചെയ്യുന്ന നിലപാടുകളുമായാണ് കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മ എറ്റവും രൂക്ഷമായ രാജ്യം ഇന്ത്യയാണ്. ഗ്രാമീണ–-നഗര മേഖലകളിൽ എല്ലാം ഒരുപോലെ തൊഴിലില്ലായ്മ വർധിക്കുകയാണ്.  ചെറുകിട വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പരിമിതികൾക്കിടയിലും എൽഡിഎഫ്‌ സർക്കാർ വ്യാപാര മേഖലയെ സഹായിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജിഎസ്ടിയുടെ മറവിൽ ചെറുകിട കച്ചവടക്കാരെ പരമാവധി ദ്രോഹിക്കാനാണ് കേന്ദ്രത്തിന്റ ശ്രമം. രാജ്യത്ത് ഭക്ഷ്യവസ്തുക്കൾക്ക് 14 ശതമാനമാണ് വില വർധിച്ചത്. അതിന് മുകളിൽ ജിഎസ്ടി കൂടി വരുന്നതോടെ വിലക്കയറ്റത്തിന്റെ ഭാരം താങ്ങാൻ സാധാരണക്കാരന് കഴിയാതെ വരുന്നു. ലോകത്ത് എല്ലായിടത്തും വൻകിടക്കാർക്ക് കൂടുതൽ നികുതി കൊടുക്കേണ്ടി വരുമ്പോൾ നമ്മുടെ രാജ്യത്ത് കുത്തക മുതലാളിമാരെ സഹായിക്കുന്ന നയങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ഒരുവശത്ത് കുത്തകകളെ സഹായിക്കുമ്പോൾ മറുവശത്ത് സമൂഹത്തെ വർഗീയവൽക്കരിക്കുകയാണ്.  രാജ്യത്ത് എവിടെ വർഗീയ പ്രശ്നം ഉണ്ടായാലും ആദ്യ നഷ്ടം കച്ചവടക്കാരനാണ്. കച്ചവടക്കാർക്കിടയിലും വർഗീയത വളർത്താൻ ബിജെപി ശ്രമിക്കാറുണ്ട്. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ബിജെപിക്കാരെക്കാൾ വലിയ പശുഭക്തരാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതാക്കളെന്നും വിജയരാഘവൻ പറഞ്ഞു. കരുത്തുതെളിയിച്ച് വ്യാപാരികളുടെ റാലി പരപ്പനങ്ങാടി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ജില്ലയിലെ കരുത്ത് വിളിച്ചോതിയ പ്രകടനം. കൊടികളുമേന്തി നൂറുകണക്കിന് പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നു.  പുത്തരിക്കലിൽനിന്നും തുടങ്ങിയ പ്രകടനം റെയിൽവേ മേൽപ്പാലം വഴി പൊതുസമ്മേളന നഗരിയിൽ പ്രവേശിച്ചു. എ പുഷ്പാംഗദൻ നഗറിൽ (റെയിൽവേ സ്റ്റേഷൻ പരിസരം) നടന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ സുബ്രഹ്മണ്യൻ അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ എസ് ദിനേശ്, സംസ്ഥാന ജോ. സെക്രട്ടറി സീനത്ത് ഇസ്മായിൽ, സ്വാഗതസംഘം ചെയർമാൻ വി പി സോമസുന്ദരൻ, നിയാസ് പുളിക്കലകത്ത്, വി കെ അശോകൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News