സിനിമയോടുള്ള ‘ഇഷ്‌ക്‌’



തലശേരി എൻജിനിയറിങ്‌‌ ബിരുദമെടുത്ത്‌ കൊച്ചിൻ ഷിപ്പ്‌ യാർഡിൽ ജോലിതേടി ഇറങ്ങിയപ്പോഴും അനുരാജ്‌ മാനോഹറിന്റെ മനസ്‌ നിറയെ സിനിമയായിരുന്നു. ആറു‌മാസത്തിനകം കൊച്ചിൻ ഷിപ്പ്‌ യാർഡ്‌ വിട്ട്‌ സിനിമാ ലോകത്തേക്ക്‌ നടന്നുകയറാനും രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നിട്ടില്ല. സിനിമയോടുള്ള ‘ഇഷ്‌ക്‌’ ആണ്‌ അനുരാജ്‌ മനോഹറിനെ സംവിധായകനാക്കിയത്‌.  ആദ്യചിത്രമായ   ‘ഇഷ്‌ക്‌–-നോട്ട്‌ എ ലവ്‌സ്‌റ്റോറി’യിലൂടെ പ്രേക്ഷകമനസ്‌തൊട്ട സംവിധായകനാണ്‌ അനുരാജ്‌ മനോഹർ. രാജ്യാന്തര ചലച്ചിത്രമേളകളിലടക്കം പ്രശംസപിടിച്ചുപറ്റിയ കലാമൂല്യമുള്ള ചിത്രമായിരുന്നു ഇഷ്‌ക്‌. മൂന്ന്‌ സംസ്ഥാന ചലച്ചിത്ര അവാർഡടക്കമുള്ള അംഗീകാരങ്ങൾ.  ഇഷ്‌ക്‌ ഒരു പ്രണയകഥമാത്രമായിരുന്നില്ല. തീവ്രമായ സാമൂഹിക പ്രശ്‌നവും കൈകാര്യംചെയ്‌തു. പ്രദർശനവിജയത്തിനൊപ്പം അക്കാദമിക്‌ തലത്തിലും ചർച്ച ചെയ്യപ്പെട്ടു. ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്‌ത പൃഥ്വിരാജ്‌ ചിത്രം ‘ത്രില്ലറിൽ അസി. ഡയറക്ടറായാണ്‌ തുടക്കം. വിജി തമ്പിയടക്കമുള്ളവരുടെ സിനിമകളിൽ അസി. ഡയരക്‌ടറായും ലിജോ ജോസ്‌ പെല്ലിശേരി, ജിസ്‌മോൻ ജോസഫ്‌ എന്നിവർക്കൊപ്പം ചീഫ്‌ അസോസിയേറ്റ്‌ ഡയറക്ടറായും ഒമ്പത്‌ വർഷത്തെ കഠിനപരിശ്രമം.  അടുത്ത സിനിമയുടെ പണിപ്പുരയിലാണിപ്പോൾ അനുരാജ്‌. ലോക സിനിമയെ അടുത്തറിയാനുള്ള അവസരമാണ്‌ ഐഎഫ്‌എഫ്‌കെയിലൂടെ ലഭിക്കുന്നതെന്ന്‌ അനുരാജ്‌ മനോഹർ പറഞ്ഞു. ദേശാഭിമാനി ഇരിട്ടി ലേഖകൻ മനോഹരൻ കൈതപ്രത്തിന്റെ മകനാണ്‌. മാതൃഭൂമി ന്യൂസിലെ ശ്യാമിലി ശശിധരനാണ്‌ ഭാര്യ. Read on deshabhimani.com

Related News