വോട്ടിന്റെ കണക്കെടുത്ത്‌ മുല്ലപ്പള്ളി കൽപ്പറ്റ സീറ്റിനായി പ്രമേയം പാസാക്കി ലീഗ്‌



കൽപ്പറ്റ നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ സീറ്റ്‌ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ മുസ്ലിം ലീഗ്‌ മണ്ഡലം കമ്മിറ്റി പ്രമേയം പാസ്സാക്കി. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റയിൽ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നതിന്‌ മുമ്പുതന്നെ സീറ്റ്‌ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രമേയം ‌ പാസാക്കി ജില്ലാ കമ്മിറ്റിക്ക്‌ നൽകിയിട്ടുണ്ടെന്ന്‌ മണ്ഡലം ഭാരവാഹി പറഞ്ഞു. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ്‌ കഴിഞ്ഞ ആറിന്‌ സംസ്ഥാന നേതാക്കൾ പങ്കെടുത്ത്‌ ചേർന്ന ജില്ലാ നേതൃയോഗം വിഷയം ചർച്ചചെയ്‌തത്‌. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം സി മായിൻഹാജിയും സെക്രട്ടറി അബ്ദുറഹ്‌മാൻ രണ്ടത്താണിയും പങ്കെടുത്ത യോഗം പ്രമേയം അംഗീകരിക്കുകയും ചെയ്‌തു. ലീഗ്‌ സംസ്ഥാന കമ്മിറ്റി ഈ ആവശ്യം  യുഡിഎഫിൽ ഉന്നയിച്ച്‌ സീറ്റ്‌ ലഭ്യമാക്കുമെന്ന്‌ ഉറപ്പ്‌ നൽകിയാണ്‌ നേതാക്കൾ മടങ്ങിയത്‌. മണ്ഡലത്തിൽ കോൺഗ്രസിനേക്കാൾ സ്വാധീനം ലീഗിനാണ്‌. അണികളുടെ വികാരം മാനിക്കാതെ ലീഗിനും കോൺഗ്രസിനും മുന്നോട്ടുപോകാനാവില്ലെന്നാണ്‌ ലീഗ്‌ മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ.   എൽജെഡി യുഡിഎഫ്‌ വിട്ടതുമുതൽ കൽപ്പറ്റ വേണമെന്ന ആവശ്യം ലീഗ്‌ ഉന്നയിക്കുന്നതാണ്‌. തങ്ങളുടെ ശക്തി ചൂണ്ടിക്കാണിച്ചാണ്‌ ഈ അവകാശവാദം. ഇത്‌ അംഗീകരിക്കപ്പെടുമെന്ന്‌ തന്നെയാണ്‌ ഇപ്പോഴും വിശ്വസിക്കുന്നതെന്ന്‌ മണ്ഡലം ഭാരവാഹി പറഞ്ഞു. എന്നാൽ മുല്ലപ്പള്ളി കൽപ്പറ്റ ഉറപ്പിച്ച്‌ മുമ്പോട്ട്‌ പോകുകയാണ്‌. കെപിസിസി ആസ്ഥാനത്തുനിന്നും കൽപ്പറ്റ മണ്ഡലത്തിലെ വോട്ടിന്റെ കണക്ക്‌ ശേഖരിച്ചു. ജില്ലയിലെ പ്രമുഖ കോൺഗ്രസ്‌ നേതാവ്‌ വഴിയാണ് തദ്ദേശതെരഞ്ഞെടുപ്പിലെ‌ കണക്കുകൾ എടുത്തത്‌. പഞ്ചായത്തുകളിലും കൽപ്പറ്റ നഗരസഭയിലും യുഡിഎഫിന്‌ ലഭിച്ച വോട്ടുകളുടെ വിശദമായ കണക്കാണ്‌ ശേഖരിച്ചത്‌.  ലീഗ്‌ ജനപ്രതിനിധികളുടെ എണ്ണം പ്രത്യേകമായി എടുത്തിട്ടുണ്ട്‌.  ലീഗ്‌ എതിർപ്പ്‌ തുടർന്നാൽ മുല്ലപ്പള്ളി  കൽപ്പറ്റ വിടുമെന്ന്‌ ഡിസിസി  ഭാരവാഹിയും  പ്രതികരിച്ചു. 28ന്‌ ജില്ലയിൽ എത്തുന്ന രാഹുൽഗാന്ധിക്ക്‌ മുമ്പാകെയും കൽപ്പറ്റ സീറ്റ്‌ വേണമെന്ന ആവശ്യം മുന്നോട്ട്‌ വെക്കാനാണ്‌ ലീഗ്‌ പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. മണ്ഡലം കമ്മിറ്റിതന്നെ  ഈ ആവശ്യം രാഹൂലിനോട്‌ പറയട്ടെയെന്നാണ്‌ ‌ ജില്ലാ, സംസ്ഥാന നേതാക്കളുടെ നിലപാട്‌. ‌   Read on deshabhimani.com

Related News