പോരാട്ടവീറുമായി 
പെൺകരുത്ത്‌

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനനഗറിൽ സ്ഥാപിക്കാനുള്ള കൊടിമരം ജാഥാ ക്യാപ്റ്റൻ ജി രാജമ്മയിൽനിന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ് സുജാത ഏറ്റുവാങ്ങുന്നു. നേതാക്കളായ പി കെ ശ്രീമതി, കെ കെ ശെെലജ, സൂസൻ കോടി, മറിയം ധാവ്ളെ തുടങ്ങിയവർ സമീപം


സ്വന്തം ലേഖകൻ മല്ലു സ്വരാജ്യം നഗർ (ആലപ്പുഴ 
ഇ എം എസ്‌ സ്‌റ്റേഡിയം)    സ്‌ത്രീവിമോചന പോരാട്ടത്തിൽ പുതുചരിത്രംകുറിച്ച്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ 13–-ാം സംസ്ഥാന സമ്മേളനത്തിന്‌ പോരാട്ടഭൂമിയിൽ പതാക ഉയർന്നു. സ്‌ത്രീകളുടെ എണ്ണമറ്റ അവകാശസമരങ്ങൾക്ക്‌ നേതൃത്വം നൽകിയ പ്രവർത്തകർ വീണ്ടും ഒത്തുചേരുകയാണ്‌. പുതിയകാലത്ത്‌ സ്‌ത്രീസമൂഹം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിടാനുള്ള പ്രവർത്തനങ്ങൾക്ക്‌ സമ്മേളനം രൂപംനൽകും. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പടിക്കുപുറത്താക്കാനുമുള്ള പ്രചാരണം ഊർജിതമാക്കും. ലഹരിമാഫിയയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തും. സ്‌ത്രീപക്ഷ നവകേരളത്തിന്‌ പിന്തുണയും കരുത്തുമേകി ഭാവി കേരളത്തിലേക്ക്‌ സമ്മേളനം വഴിതെളിക്കും.  വിവിധകേന്ദ്രങ്ങളിൽനിന്ന്‌ കൊടി, കൊടിമരം, കപ്പി–-കയർ, ദീപശിഖ റാലികൾ ജനറൽ ആശുപത്രി ജങ്‌ഷനിൽ സംഗമിച്ചാണ്‌ പൊതുസമ്മേളന നഗരിയായ മല്ലുസ്വരാജ്യം നഗറിൽ (ആലപ്പുഴ ഇ എം എസ്‌ സ്‌റ്റേഡിയം) എത്തിയത്‌. അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ്‌ പി കെ സൈനബയും അഖിലേന്ത്യാ അസിസ്‌റ്റന്റ്‌ സെക്രട്ടറി എൻ സുകന്യയും പതാകകൾ ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത കൊടിമരവും ജില്ലാ സെക്രട്ടറി പ്രഭാമധു ദീപശിഖയും സംസ്ഥാന കമ്മിറ്റിയംഗം സുശീലമണി കപ്പിയും കയറും ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി പ്രഭാമധു ദീപശിഖ സ്ഥാപിച്ചു. സ്വാഗതസംഘം ചെയർപേഴ്‌സൺ കെ ജി രാജേശ്വരി പതാക ഉയർത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം സ ബി ചന്ദ്രബാബു എന്നിവർ പങ്കെടുത്തു. രാജ്യം ഭരിക്കുന്നത് 
സ്‌ത്രീവിരുദ്ധ സർക്കാർ: 
പി കെ ശ്രീമതി ആലപ്പുഴ സ്‌ത്രീവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന ഭരണാധികാരികളാണ് രാജ്യം ഭരിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാനസമ്മേളന നഗറിലേക്കുള്ള കൊടിമര-, ദീപശിഖ റാലി വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.  സ്‌ത്രീസമത്വത്തെക്കുറിച്ച് വാചാലമാകുകയും സ്‌ത്രീവിരുദ്ധ നയങ്ങൾ നടപ്പാക്കുകയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലും നാരീസമത്വത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഒരു അത്മാർഥതയും ഇതിലില്ല. സ്‌ത്രീകൾക്ക് നേരെ അതിക്രമങ്ങൾ നടത്തുന്നവരെ സംരക്ഷിക്കുകയും  കോടതി ജയിലിലടച്ചവരെ തുറന്നുവിടുകയും ചെയ്യുന്നു. രാജ്യം അപമാനഭാരത്താൽ തലകുനിച്ച് നൽക്കുകയാണെന്നും അവർ പറഞ്ഞു. കെ ജി രാജേശ്വരി അധ്യക്ഷയായി. മറിയം ധാവ്‌ളെ സംസാരിച്ചു. പ്രഭാ മധു സ്വാഗതം പറഞ്ഞു.     Read on deshabhimani.com

Related News