സമയബന്ധിതമായി 
പൂര്‍ത്തിയാക്കും

പെരുമൺ –- പേഴുംതുരുത്ത്‌ പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത്‌ മന്ത്രി 
പി എ മുഹമ്മദ്‌ റിയാസ്‌ എത്തിയപ്പോൾ


കൊല്ലം പെരുമൺ, പേഴുംതുരുത്ത് നിവാസികളുടെ ദീർഘകാല സ്വപ്നമായ പെരുമൺ–- പേഴുംതുരുത്ത് പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെയാണ് നിര്‍മാണ പ്രവൃത്തി. പൈലിങ്‌ ഏറെക്കുറെ പൂർത്തീകരിച്ചു. മറ്റു പ്രവൃത്തി പുരോ​ഗമിക്കുകയാണ്. നിർമാണം അതിവേഗം പൂര്‍ത്തിയാക്കാനുള്ള സാഹചര്യം ഒരുക്കാനുമായി പ്രത്യേക യോഗം വിളിക്കുമെന്നും സ്ഥലം സന്ദർശിച്ചശേഷം മന്ത്രി പറഞ്ഞു.  പെരുമൺ–- പേഴുംതുരുത്ത് പാലം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. എം മുകേഷ്‌ എംഎൽഎയുമായി ചർച്ച നടത്തിയിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം നിർമാണം കുറച്ചുനീണ്ടുപോയി. അതെല്ലാം പരിഹരിച്ച് യഥാസമയം പാലം  ജനങ്ങൾക്കു തുറന്നുകൊടുക്കേണ്ടതുണ്ട്. ടൂറിസത്തിന്റെ അനന്തസാധ്യതയുള്ള പ്രദേശമാണിത്‌. രാജ്യത്തുതന്നെ ആദ്യമായാണ് ബജറ്റിൽ ടൂറിസം മേഖലയിൽ ഒരു ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട് പ്രഖ്യാപിച്ചത്. അത്  ഈ പ്രദേശത്തെ ബന്ധപ്പെടുത്തിക്കൊണ്ടാണെന്നും  മന്ത്രി ചൂണ്ടിക്കാട്ടി.  എക്‌സിക്യൂട്ടീവ് എൻജിനിയര്‍ ശ്രീകുമാര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ ദീപ, കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍, ബ്ലോക്ക്,- ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. എൽഡിഎഫ്‌ 
ഇച്ഛാശക്തിയിൽ വി എസ് സർക്കാരിന്റെ കാലത്താണ് പാലത്തിനു ശിലയിട്ടത്. പിന്നാലെ വന്ന യുഡിഎഫ് സർക്കാർ‌ തൊടാതെവച്ച പാലം നിർമാണം എം മുകേഷ് എംഎൽഎയുടെ നിരന്തര പരിശ്രമത്തെ തുടർന്നാണ് യാഥാർഥ്യമാകുന്നത്. കഴിഞ്ഞ വർഷം നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ചു. 417 മീറ്ററാണ് നീളം. 500 മീറ്റര്‍ വീതം നീളമുള്ള അപ്രോച്ച് റോഡുകളാണ് ഇരുവശങ്ങളിലും. ഏഴര മീറ്റര്‍ വീതിയുള്ള ക്യാരേജും ഒന്നര മീറ്റര്‍ വീതിയില്‍ ഫുട്പാത്തുമാണ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്. 42.5 കോടിയാണ് അടങ്കല്‍ തുക. വിനോദസഞ്ചാരകേന്ദ്രമായ മൺറോതുരുത്തിൽനിന്ന് നഗരത്തിലേക്കുള്ള 23 കിലോമീറ്റർ ദൂരം പാലം വരുന്നതോടെ 13 ആകും. കായൽഭംഗി ആസ്വദിക്കാവുന്ന തരത്തിൽ നൂതന സാങ്കേതിക വിദ്യയിലാണ് പാലം നിർമിക്കുന്നത്. റെയിൽവേ പാലത്തിനു സമാന്തരമായാണ്‌ പാലം.  ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻ കമ്പനിയാണ്‌ കരാറെടുത്തത്. കല്ലടയാറിനു കുറുകെയുള്ള കണ്ണങ്കാട് പാലം കൂടി പൂർത്തിയാകുന്നതോടെ നഗരത്തിൽനിന്ന് വടക്കൻ ജില്ലകളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും.   Read on deshabhimani.com

Related News