ഞെട്ടണ്ട; സൂപ്പറാണ്‌ 
ആയുഷിന്റെ യന്തിരൻ

രൂപകൽപ്പനചെയ്ത മിനി റോബോട്ടിനൊപ്പം ആയുഷ്‌


കരുനാഗപ്പള്ളി കാലം മാറുകയല്ലേ; പുറത്തുനിന്ന് കൊണ്ടുവരുന്ന വസ്തുക്കൾ ഏറ്റുവാങ്ങി അണുവിമുക്തമാക്കി വീട്ടുകാരുടെ കൈകളിൽ എത്തിക്കുന്ന ഒരു റോബോട്ടിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. എന്നാൽ ലോക്‌ ഡൗൺ കാലത്ത്‌ വീട്ടിൽ വെറുതെയിരുന്ന്‌ ബോറടിച്ചപ്പോൾ ഒരു പത്താം ക്ലാസുകാരന്റെ മനസ്സിൽ ഇങ്ങനൊരു ചിന്തയുണ്ടായി. വെറുതെ ചിന്തിച്ചുകൂട്ടുകയല്ല; ശരിക്കും അങ്ങനൊരു റോബോട്ടിനെ ഉണ്ടാക്കി ആ മിടുക്കൻ. ആദിനാട് വടക്ക് ചന്ദ്രികാ ഭവനില്‍ വി ആർ ആയുഷ്‌ റോബോട്ടിനെ നിർമിച്ച്‌ നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ചത്‌.     വൈറസ്‌ ഔട്ടാകും കോവിഡ്‌ കാലത്ത് ഓൺലൈൻ ഷോപ്പിങ്ങിനെ ആശ്രയിക്കുന്നവർക്ക്‌ ഉപകാരപ്പെടുന്നതാണ്‌ ആയുഷിന്റെ റോബോട്ട്‌. ഡെലിവറി ബോയ്‌ വീട്ടിനുമുന്നിലെത്തിയാൽ റോബോട്ട്‌ അവർക്കരികിലേക്ക്‌ നീങ്ങും. കൊണ്ടുവരുന്നവർക്ക്‌ സാധനങ്ങൾ റോബോട്ടിനുള്ളിലേക്ക്‌ വയ്‌ക്കാം. ഉടൻതന്നെ റോബോട്ടിന്റെ വശങ്ങളിലെ  ചെറിയ ടിന്നുകളിൽനിന്ന് സാനിറ്റൈസർ ഇതിലേക്ക് പമ്പ് ചെയ്യും. സാനിറ്റൈസർ ചെയ്ത സാധനം നിർദേശിക്കുന്ന  മുറിയിലേക്ക് റോബോട്ട് തന്നെ എത്തിക്കും. കൊറോണയല്ല, എല്ലാ വൈറസും ഔട്ട്‌.    മിടുമിടുക്കനാണ്‌ ആയുഷ്‌  കുലശേഖരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 10–-ാം ക്ലാസ് വിദ്യാർഥിയായ ആയുഷിനോട് കഴിഞ്ഞവർഷം സ്കൂളിൽ ശാസ്ത്രമേളയ്ക്ക്‌ ഒരു ഉപകരണം ഉണ്ടാക്കാൻ അധ്യാപകർ നിർദേ ശിച്ചു. അപ്പോഴാണ്‌ ഈ വലിയ ചിന്ത കുഞ്ഞുമനസ്സിലേക്ക്‌ വന്നത്‌.  കോവിഡ്‌ രൂക്ഷമായതോടെ ശാസ്ത്രമേള ഉപേക്ഷിച്ചെങ്കിലും ആയുഷ്‌ തന്റെ ചിന്ത ഉപേക്ഷിച്ചില്ല. വീട്ടിലും ചുറ്റുവട്ടത്തുനിന്നും ശേഖരിച്ച വസ്തുക്കളും വിലകുറഞ്ഞ ഇലക്‌ട്രോണിക്സിന്റെ ഭാഗങ്ങളും ഉപയോഗിച്ചാണ് കുഞ്ഞൻ റോബോട്ടിനെ രൂപകല്‍പ്പന ചെയ്തത്. 300 ആർപിഎം മോട്ടോർ ആണ് ഇതിൽ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. അഡ്വിനോ ഇനോ, ബ്ലൂടൂത്ത് മൊഡ്യൂൾ, റൺ ചെയ്യാനുള്ള മോട്ടോർ, സാനിറ്റൈസർ പമ്പ് ചെയ്യാനുള്ള വാട്ടർ പമ്പ്, 12 വോൾട്ട് ബാറ്ററി എന്നിവയാണ് പ്രധാന നിർമാണത്തിന്‌ ഉപയോഗിച്ചത്‌. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇതിന്റെ നിയന്ത്രണം. റോബോട്ടിനെ വിപുലീകരിച്ച്‌ സാധാരണക്കാരായ ഏതൊരു വീട്ടുകാർക്കും ഉപയോഗിക്കുന്ന തരത്തിലേക്ക്‌ മാറ്റാനാകുമോ എന്ന ചിന്തയിലാണ് ആയുഷ്. അച്ഛൻ വേണുവിന്റെ ചെറിയ കടയായിരുന്നു ആയുഷിന്റെ കുടുംബത്തിന്റെ ഏക വരുമാനമാർഗം. രണ്ടുവർഷം മുമ്പ്‌ അദ്ദേഹം വാഹനാപകടത്തിൽ മരിച്ചതോടെ അമ്മ രജിനയാണ്‌ കടയുടെ നടത്തിപ്പ്‌. മൂന്നാം ക്ലാസുകാരനായ സഹോദരൻ ആദിശങ്കറും മുത്തച്ഛനും മുത്തശ്ശിയും അടങ്ങിയതാണ് കുടുംബം.  Read on deshabhimani.com

Related News