സമഗ്ര വികസനത്തിന്‌ 
60.1 കോടിയുടെ കരട്‌ പദ്ധതി



കൽപ്പറ്റ   വന്യമൃഗശല്യം പ്രതിരോധം, തനത് കാർഷിക മേഖലകളുടെ വീണ്ടെടുപ്പ്‌, ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനം തുടങ്ങിയവ ലക്ഷ്യമിട്ട്‌ ജില്ലാ പഞ്ചായത്ത് വികസന സെമിനാർ. 60.1 കോടി രൂപയുടെ 218 കരടുപദ്ധതികൾ സെമിനാറിൽ അവതരിപ്പിച്ചു. സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർ എന്നിവർക്കായി വിവിധ ക്ഷേമ പദ്ധതികളും നടപ്പാക്കും.  വികസന ഫണ്ട് വിഭാഗത്തിൽ 32.83 കോടി, മെയിന്റനൻസ് ഗ്രാന്റ് വിഭാഗത്തിൽ 12.88 കോടി, മറ്റു വിഭാഗത്തിൽ 14.39 കോടി എന്നിങ്ങനെയാണ്‌ കരട് പദ്ധതികൾ.  നെൻമണി - നെൽകൃഷി സബ്‌സിഡി, ക്ഷീരസാഗരം, പെൺമ- സ്ത്രീകൾക്ക് സംരംഭത്വ സഹായം നൽകൽ, സമഗ്ര- വിദ്യാഭ്യാസ പരിപാലന പദ്ധതി, ജലാശയങ്ങളിൽ മത്സ്യ വിത്ത് നിക്ഷേപിക്കൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം, റോഡ് നവീകരണം, കുടിവെളള പദ്ധതികൾ, പട്ടികജാതി പട്ടികവർഗ ക്ഷേമം, കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം  തുടങ്ങിയ മേഖലകളിൽ തുക ചെലവിടും. ചർച്ചയിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.  ജില്ലാ ആസൂത്രണ ഭവനിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനംചെയ്തു. 2023–-24 വാർഷിക പദ്ധതികളുടെ കരട്‌ രേഖ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിക്ക്‌ നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശിപ്പിച്ചു. വികസന സ്ഥിരം സമിതി  അധ്യക്ഷ ഉഷാതമ്പി കരട്‌ രേഖ അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ പദ്ധതി വിശദീകരിച്ചു.  ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബീനജോസ്, ജുനൈദ് കൈപ്പാണി, സുരേഷ് താളൂർ,  പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി എ കെ റഫീക്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി സി മജീദ് തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News