ഇനി ജ്വലിക്കുന്ന ഓർമ

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടു വന്ന പി എ മുഹമ്മദിന്റെ മൃതദേഹത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ എന്നിവർ ചേർന്ന്‌ പാർടി പതാക പുതപ്പിക്കുന്നു


  കൽപ്പറ്റ പിഎ  എന്ന രണ്ടക്ഷരത്തിലൂടെ  രണ്ട് തലമുറകളുടെ  മനസ്സിലിടം പിടിച്ച  ജനകീയ നേതാവ്   ഇനി ജ്വലിക്കുന്ന ഓർമ. കുടിയേറ്റ മണ്ണിൽ പാർടിക്ക്‌ അടിത്തറ പാകിയ  പ്രക്ഷോഭകാരിയുടെ ചേതനയറ്റ ശരീരം  ഒരു നോക്ക്‌ കാണാൻ  സിപിഐ എം ജില്ലാ കമ്മിറ്റി  ഓഫീസിൽ എത്തിച്ചപ്പോൾ   കോവിഡ്‌ നിയന്ത്രണം പാലിച്ച്‌  നൂറു കണക്കിനാളുകളാണ്‌ ഒഴുകിയെത്തിയത്‌.  കാൽനൂറ്റാണ്ട്‌ കാലം താൻ അമരക്കാരനായിരുന്ന എകെജി ഭവന്റെ ഓഫീസിലേക്ക്‌  നിശ്‌ചലനായി വന്നപ്പോൾ കണ്ടു നിന്നവർക്ക്‌  കണ്ണുകൾ നനഞ്ഞു.  ആദരമായി അവർ തൊണ്ട പൊട്ടുമാറ് മുദ്രാവാക്യം വിളിച്ചു.   പലർക്കും ആ  വേർപാട്‌ അവിശ്വസനീയമായി. വ്യാഴാഴ്‌ച രാവിലെ വീടിനുള്ളിൽ വീണതിനെ തുടർന്നാണ്‌ പി എ മുഹമ്മദിനെ വൈത്തിരിയിലെ ഗുഡ്ഷെപ്പേർഡ് ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്‌.  ഗുരുതരമായ പ്രശ്‌നമില്ലെന്ന ആശ്വാസത്തിലായിരുന്നു ബന്ധുക്കളും  പാർടി പ്രവർത്തകരും.  എന്നാൽ  വെള്ളിയാഴ്ച ഉച്ചയോടെ പി എ മുഹമ്മദ് ഇനിയില്ല എന്ന ദുഃഖ വാർത്ത പുറത്തുവന്നു.  ഞെട്ടലോടെയാണ് ഏവരും ആ വാർത്ത ശ്രവിച്ചത്. വാർത്ത സത്യമാകരുതേയെന്ന പലരുടെയും ആഗ്രഹങ്ങൾക്ക് ആയുസ്സുണ്ടായില്ല.  അതോടെ നിരവധിപേർ  ആശുപത്രിയിലേക്ക് കുതിച്ചു.        രണ്ട് മണിയോടെ മൃതദേഹം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കൽപ്പറ്റയിലെ എകെജി ഭവനിലേക്ക് കൊണ്ടുവന്നു.  ഇതിനകം പ്രധാന നേതാക്കളെല്ലാം ഓഫീസിലെത്തിയിരുന്നു. സി കെ ശശീന്ദ്രന്റെയും പി ഗഗാറിന്റെയും നേതൃത്വത്തിൽ മൃതദേഹം പാർടി  ഓഫീസിനകത്തേക്ക്  എത്തിച്ച് പാർടി പതാക പുതപ്പിച്ചു.  പ്രസന്നമുഖവുമായി ചുവന്ന പതാക പുതച്ച് പിഎ എകെജി ഭവന് മുന്നിൽ നിശ്ചലമായി കിടന്നു.   കോവിഡ് നിയന്ത്രണമുള്ളതിനാൽ പ്രവർത്തകർ കൂടിനിൽക്കരുതെന്ന നിർദേശം ജില്ലാ സെക്രട്ടറി പി ഗഗാറിൻ നൽകിക്കൊണ്ടിരുന്നു. സമൂഹത്തിലെ നാനാതുറയിലുള്ളവർ പിഎയെ അവസാനമായി കാണാനും അന്ത്യാഭിവാദ്യമർപ്പിക്കാനും പാർടി ഓഫീസിലേക്ക് എത്തി.  വെെകിട്ട് ആറോടെ മൃതദേഹം മേപ്പാടി പാലവയലിലെ വീട്ടിലേക്ക്  കൊണ്ടുപോകാൻ  ആംബുലൻസിലേക്ക് മാറ്റി.  വികാരനിർഭരമായിരുന്നു അപ്പോഴത്തെ  രംഗം.  പിഎ ഇല്ലാത്ത  ഓഫീസ് –  അത്‌ നേതാക്കൾക്കും  ഓഫീസ് ജീവനക്കാർക്കും ഉൾക്കൊള്ളുന്നതിനുമപ്പുറമാണ്‌.  പിഎക്ക്‌ റെഡ്‌വളന്റിയർമാർ സല്യൂട്ട്‌ നൽകി.  ‘സഖാവ് പിഎയ്‌ക്ക് മരണമില്ലെന്ന് ’  മുദ്രാവാക്യത്തിലൂടെ അവർ ഉറക്കെ പറഞ്ഞു. കണ്ണീരോടെ അവർ പ്രിയപ്പെട്ട സഖാവിന്‌ യാത്രാമൊഴി നൽകി.    തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മേപ്പാടിയിലേക്ക്.   ജനകീയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ ജനങ്ങൾ റോഡരികിലേക്ക് ഇറങ്ങിവന്നു.   പാലവയലിലെ വീട്ടിലേക്കും ആ നാടാകെ ഒഴുകിയെത്തി. ഒടുവിൽ രാത്രി ഒമ്പതോടെ പ്രിയതമ നബീസയുടെ ഖബറിടത്തിന് സമീപം പി എ മുഹമ്മദ് എന്ന  ജനകീയ നേതാവ് അന്ത്യവിശ്രമംകൊണ്ടു. Read on deshabhimani.com

Related News