പുരസ്‌കാരങ്ങൾ വാരിക്കൂട്ടി ജില്ല



തൃശൂർ സംസ്ഥാന കർഷക അവാർഡ്‌ പ്രഖ്യാപനത്തിൽ മികച്ച നേട്ടം കൈവരിച്ച്‌ തൃശൂർ ജില്ല. 46 അവാർഡുകളിൽ 13 ഉം  തൃശൂർ സ്വന്തമാക്കി.  മികച്ച കാർഷിക രീതികൾ അവലംബിക്കുന്ന മുനിസിപ്പാലിറ്റിക്കുള്ള മൂന്നുലക്ഷം രൂപയും  ഷീൽഡും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌കാരം വടക്കാഞ്ചേരി മുനിസിപ്പാലിറ്റിക്ക്‌ ലഭിച്ചു. പട്ടിക്കാട്‌ കല്ലിങ്കൽ പ്ലാന്റേഷൻസ്‌ ഉടമ സ്വ്‌പനയെ സംസ്ഥാനത്തെ മികച്ച കർഷകതിലകമായി തെരഞ്ഞെടുത്തു.  50,000 രൂപയും സ്വർണമെഡലും ഷീൽഡും സർട്ടിഫിക്കറ്റും പുരസ്‌കാരമായി ലഭിക്കും. ഓണത്തിന്‌ ഒരുമുറം പച്ചക്കറി വ്യക്തിഗത വിഭാഗത്തിലെ ഒരു ലക്ഷം രൂപയും  ഷീൽഡും സർട്ടിഫിക്കറ്റുമടങ്ങുന്ന‌ പുരസ്‌കാരം പാലുവായ്‌ അരീക്കരേ വീട്ടിൽ സുജാത സുകുമാരന്‌ ലഭിച്ചു.  അതിരപ്പിള്ളി മലക്കപ്പാറയിലെ അരീക്കാപ്പ്‌ ആദിവാസി ഊരിന്‌ മൂന്നു ലക്ഷം രൂപയും ഷീൽഡും സർട്ടിഫിക്കറ്റുമടക്കം ഒന്നാം സ്ഥാനം ലഭിച്ചു. മികച്ച കാർഷികപ്രവർത്തനം നടത്തിയ റസിഡന്റ്സ്‌‌ അസോസിയേഷനുള്ള മൂന്നാം സ്ഥാനം രാമവർമപുരം അടിയാറ റസിഡന്റ്സ്‌‌ അസോസിയേഷൻ സ്വന്തമാക്കി.  25,000 രൂപയും ഷീൽഡും സർട്ടിഫിക്കറ്റുമാണ്‌ പുരസ്‌കാരം.  ഹയർ സെക്കൻഡറി വിഭാഗത്തിലെ  കർഷകപ്രതിഭാ പുരസ്‌കാരം ഗുരുവായൂർ ശ്രീകൃഷ്‌ണ എച്ച്‌എസ്‌എസിലെ എം എസ്‌ അഭിമന്യു സ്വന്തമാക്കി. 25,000 രൂപയും ഷീൽഡും സർട്ടിഫിക്കറ്റും സമ്മാനം.  മികച്ച ചക്ക അനുബന്ധ ഉൽപ്പന്നങ്ങൾ ഒരുക്കുന്നതിനുള്ള 50,000 രൂപയും  ഷീൽഡും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌കാരം വേളൂക്കര ഗ്ലോബൽ നാച്വറൽ ഫുഡ്‌ പ്രൊസസിങ്‌ കമ്പനി  മാനേജിങ്‌ പാർട്‌ണർ സ്‌റ്റാബി ജേക്കബിന്‌ ലഭിച്ചു. പൊറത്തിശേരി മഹാത്മാ യുപി സ്‌കൂളിലെ എം ആർ അശ്വിൻരാജാണ്‌ മികച്ച പച്ചക്കറി ഉൽപ്പാദകവിദ്യാർഥി. 50,000 രൂപയും ഷീൽഡും സർട്ടിഫിക്കറ്റും ലഭിക്കും. മികച്ച രീതിയിൽ പച്ചക്കറി ഉൽപ്പാദിപ്പിക്കുന്ന പൊതുസ്ഥാപനത്തിനുള്ള മൂന്നാം സ്ഥാനം അത്താണി സ്റ്റീൽ ആൻഡ്‌‌ ഫോർജിങ്‌സ്‌ സ്വന്തമാക്കി. 15,000 രൂപയും  ഷീൽഡും സർട്ടിഫിക്കറ്റുമാണ്‌ പുരസ്‌കാരം.  പുത്തൻചിറ കണ്ണിക്കുളങ്ങര തിരുകുളം വീട്ടിൽ ടി വി സജീവിനാണ്‌ മികച്ച പച്ചക്കറി കർഷകനുള്ള മൂന്നാം സ്ഥാനം. 15,000 രൂപയും  ഷീൽഡും സർട്ടിഫിക്കറ്റുമാണ്‌ പുരസ്‌കാരം. റെസിഡന്റ്‌സ്‌ അസോസിയേഷൻ പ്രദേശത്ത്‌ മികച്ച രീതിയിൽ കൃഷി ചെയ്യുന്നതിനുള്ള 25,000 രൂപയും  ഷീൽഡും സർട്ടിഫിക്കറ്റുമടങ്ങുന്ന‌ പുരസ്‌കാരം ചേറൂർ ഏവന്നൂർ റെസിഡന്റ്‌സ്‌ അസോസിയേഷൻ സ്വന്തമാക്കി.  ഉദ്യോഗസ്ഥ വിഭാഗത്തിലെ മികച്ച അസി. ഡയറക്ടർക്കുള്ള ഒന്നാം സ്ഥാനം ചൊവ്വന്നൂർ അക്കിക്കാവ്‌ എഡിഎ ആർ രുഗ്മിണിക്കും മികച്ച കൃഷി ഓഫീസർക്കുള്ള മൂന്നാം സ്ഥാനം വിൽവട്ടം കൃഷി ഓഫീസർ ജി കവിത‌ക്കും ലഭിച്ചു. Read on deshabhimani.com

Related News