പുതുമുന്നേറ്റ ചരിത്രമാകാൻ

പുതിയ ഇടുക്കി പുതുമുന്നേറ്റം എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് നയിക്കുന്ന ജനകീയ വിജയ സന്ദേശയാത്ര 
അടിമാലിയിൽ പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനംചെയ്യുന്നു


അടിമാലി കാലത്തിനനുസരിച്ച്, ജനതയുടെ പ്രതീക്ഷയ്‌ക്കൊപ്പം നാടിനെ വികസനത്തിലേക്ക് ചേർത്തുപിടിച്ചുള്ള മുന്നേറ്റം. പുതിയ ഇടുക്കിക്കായുള്ള നവമുന്നേറ്റം കുറിക്കാൻ സംഘടിത പുരോഗമന പ്രസ്ഥാനത്തിന്റെ ജനകീയ വിജയസന്ദേശ യാത്രയ്ക്ക് കുടിയേറ്റ ഭൂമികയായ അടിമാലിയിൽ ആവേശത്തുടക്കം. വികസന മുരടിപ്പിന്റെ ഇരുളിൽ തളച്ചിട്ടിരുന്ന ശക്തികൾക്കും അപവാദ പ്രചാരകർക്കും താക്കീതുകൂടിയാണീ ജനതയുടെ പടയണി. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ജാഥ പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ അടിമാലിയിൽ ഉദ്ഘാടനം ചെയ്തു.  ഭൂ പ്രശ്നങ്ങളിലും പിന്നോക്ക മൂലകളിലും കുടിയേറ്റ കർഷകരെ എടുത്തെറിയപ്പെട്ട കോൺഗ്രസ് വലതു പക്ഷ ഐക്യമുന്നണിയെ നാട് ബഹുദൂരം പിന്തള്ളുന്ന രാഷ്ടീയ സാഹചര്യം ബോധ്യപ്പെട്ടാണ് ആയിരങ്ങൾ സിപിഐ എം ജാഥയെ സ്വീകരിക്കാനെത്തുന്നത്. ജനപഥങ്ങളെ തൊട്ടറിഞ്ഞ് ജില്ലാ സെക്രട്ടറി സി വി വർഗീസ് ക്യാപ്റ്റനായ കാൽനട ജാഥയ്ക്ക് ആദ്യ ദിവസം സ്നേഹോഷ്മള വരവേൽപ്പാണ് ലഭിച്ചത്. നാടിന്റെ നാനാ മേഖലയിലുള്ളവർ പ്രകടനമായെത്തി വരവേറ്റു. ആറ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ഭൂ നിയമ ഭേദഗതി ബിൽ യാഥാർഥ്യമാക്കിയ എൽഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചും നടപ്പാക്കിയ കോടികളുടെ വികസനം വിശദീകരിച്ചും കർഷക ശത്രുക്കളെയും വർഗീയശക്തികളേയും തിരിച്ചറിയണമെന്നതടക്കമുള്ള മുദ്രാവാക്യം ഉയർത്തിയാണ് ജാഥാ പര്യടനം. കൂടാതെ വിവിധ ഉപ ജാഥകളും പര്യടനം നടത്തുന്നു.   ഉദ്ഘാടന യോഗത്തിൽ സംഘടക സമിതി ചെയർമാൻ ടി കെ ഷാജി അധ്യക്ഷനായി. ക്യാപ്റ്റൻ സി വി വർഗീസിനെ കൂടാതെ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ  കെ ജയചന്ദ്രൻ, എം എം മണി എംഎൽഎ, വൈസ് ക്യാപ്റ്റൻ ഷൈലജ സുരേന്ദ്രൻ, മാനേജർ കെ വി ശശി, സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജൻ, വി വി മത്തായി, എം ജെ മാത്യു, വി എൻ മോഹനൻ, മുൻ എം പി ജോയ്സ് ജോർജ് എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ സ്വാഗതവും പറഞ്ഞു, Read on deshabhimani.com

Related News