ദാ പിടിച്ചോ, കോർപറേഷൻ വക പോസ്റ്റോഫീസ്‌

തൃശൂർ കോർപറേഷൻ നിർമിച്ചു നൽകിയ സ്‌പീഡ്‌ പോസേ്റ്റാഫീസ്‌ കെട്ടിടം


തൃശൂർ തദ്ദേശ സ്ഥാപനങ്ങളുടെ വികസനത്തിന്‌ കേന്ദ്രസർക്കാർ ഫണ്ട്‌ അനുവദിക്കുകയാണ്‌ പതിവ്‌. എന്നാൽ കേന്ദ്ര സർക്കാർ സ്ഥാപനത്തിന്‌ കെട്ടിടമൊരുക്കി ആ ചരിത്രം തിരുത്തുകയാണ്‌ തൃശൂർ കോർപറേഷൻ.  പട്ടാളം റോഡ് വികസനത്തിനായി പൊളിച്ചുമാറ്റിയ തൃശൂർ സ്‌പീഡ്‌ പോസ്റ്റോഫീസിനു പകരമാണ്‌ കോർപറേഷൻ പുതിയ കെട്ടിടം  നിർമിച്ചു നൽകിയത്‌. കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതിയുടെ ഇച്ഛാശക്തിയുടെ ഫലമായാണ്‌ 45 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പട്ടാളം റോഡിലെ ഗതാഗതക്കുരുക്ക്‌ ഒഴിവായത്‌. തപാൽ വകുപ്പുമായുണ്ടാക്കിയ ധാരണപ്രകാരം പോസ്റ്റോഫീസ്‌ കെട്ടിട നിർമാണം പൂർത്തിയാക്കി കോർപറേഷൻ അഭിമാനനേട്ടം കൈവരിച്ചിരിക്കുകയാണ്‌. പോസ്റ്റോഫീസ്‌ കെട്ടിടം പൊളിച്ച്‌ 16.5 സെന്റ്‌ ഭൂമിയാണ്‌ കോർപറേഷൻ ഏറ്റെടുത്തത്‌. പകരം പട്ടാളം റോഡരികിൽത്തന്നെ അത്രയും സ്ഥലം തപാൽവകുപ്പിന് കൈമാറി. ഈ സ്ഥലത്ത്‌  89,50,000 രൂപ ചെലവിലാണ്‌ തപാൽ വകുപ്പ്‌ നിർദേശിച്ച പ്രകാരം ഇരു നിലകളിലായി 3675 സ്‌ക്വയർഫീറ്റ്‌ കെട്ടിടം നിർമിച്ചത്‌. വൈദ്യുതി കണക്‌ഷൻ ഒഴികെയുള്ള ജോലികൾ പൂർത്തിയാക്കി.  കെട്ടിടനിർമാണം പൂർത്തിയാകുന്നതുവരെ പോസ്റ്റോഫീസ് പ്രവർത്തിക്കാൻ കോർപറേഷന്റെ ടിഡബ്ല്യുസി ബിൽഡിങ്ങിൽ സൗജന്യ സ്ഥലം ഒരുക്കിയിരുന്നു. ഇതിനുപുറമെ പട്ടാളം റോഡിലെ കോവിൽ ഭാരവാഹികളുമായി ധാരണയിലെത്തി കോവിലിന്റെ സ്ഥലവും ഏറ്റെടുത്താണ്‌ റോഡ്‌ വികസനം പൂർത്തിയാക്കിയത്‌. വർഷങ്ങളോളം കേന്ദ്ര–-സംസ്ഥാന–- കോർപറേഷൻ ഭരണവും എംഎൽഎയും കോൺഗ്രസിന്റേതായിട്ടും പട്ടാളം റോഡ് വികസനത്തിൽ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, എൽഡിഎഫ് കൗൺസിൽ വികസന നടപടികളുമായി മുന്നോട്ടുപോവുമ്പോൾ തടസ്സവാദങ്ങളുന്നയിച്ച് പദ്ധതി അട്ടിമറിക്കാനും കോൺഗ്രസ്‌ ശ്രമിച്ചു. Read on deshabhimani.com

Related News