ചാത്തങ്കൈ റെയിൽവേ മേൽപ്പാലം റെഡി; റോഡെവിടെ



ഉദുമ3 ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ റെയിൽവേ  മേൽപ്പാലം യാഥാർഥ്യമായപ്പോൾ സമീപന റോഡ് ഇല്ലാത്തതിനാൽ നാട്ടുകാർക്ക്‌ പ്രയോജനമില്ല. ചെമ്മനാട്‌ പഞ്ചായത്തിലെ ചാത്തങ്കൈ  റെയിൽവേ മേൽപ്പാലം കാസർകോട് വികസന പാക്കേജിൽ ഒമ്പത്‌ കോടിയും പഞ്ചായത്ത്  13 ലക്ഷവും നാട്ടുകാർ സ്വരൂപിച്ച  15 ലക്ഷവും ചേർത്താണ് പൂർത്തീകരിച്ചത്. ഒരുവർഷം മുമ്പ്‌ ഉദ്‌ഘാടനമൊന്നുമില്ലാതെ  തുറന്ന പാലം നാട്ടുകാര്‍  ഉപയോഗിച്ചു തുടങ്ങി. രണ്ടുഭാഗത്തും അനുബന്ധ റോഡല്ലാത്തതിനാൽ നാട്ടുകാർ ദുരിതത്തിലാണ്.   കാസർകോട്‌–-കാഞ്ഞങ്ങാട്‌ കെഎസ്‌ടിപി പാതയിലെ ഇടുവുങ്കാൽ റോഡിൽ നിന്ന്‌ മേൽപ്പാലത്തിലേക്കുള്ള 150 മീറ്ററോളം ദൂരമുള്ള റോഡിന് അഞ്ച്‌ മീറ്റർ  വീതിയുണ്ട്. പാലം കടന്ന് നൂമ്പിൽ മാണി പുഴക്കര വരെയുള്ള റോഡിന്റെ  വീതി മൂന്നു മീറ്ററാണ്. അഞ്ച്‌ മീറ്ററായി വർധിപ്പിക്കാൻ രണ്ട് കുടുംബങ്ങൾ സ്ഥലം നൽകാത്തതാണ്  റോഡ് നിർമാണം പ്രതിസന്ധിയിലാക്കിയത്. പഴയറോഡ് ടാറിങ് നടന്നിട്ടില്ല. നിറയെ കുഴികളും വെള്ളക്കെട്ടുമുള്ള വഴിയിൽ കാല്‍നട യാത്ര ദുസഹം. പാലത്തിനപ്പുറവും ഇപ്പുറവുമുള്ള റോഡ് കോൺക്രീറ്റ് ചെയ്യാൻ 96 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റുണ്ടാക്കിയിരുന്നു. റോഡരികിലെ ഭൂരിഭാഗം താമസക്കാരും അഞ്ചു മീറ്റർ വീതി കണക്കാക്കി  മതിൽ മാറ്റി നിർമിച്ചു. രണ്ടുവ്യക്തികള്‍ മാത്രമാണ്‌ റോഡ് വികസനത്തിന് സ്ഥലം വിട്ടു നൽകാത്തത്‌. വലിയ വാഹനങ്ങൾ  ചാത്തങ്കൈ-  മാണി, ചാത്തങ്കൈ- ചെമ്പരിക്ക, പന്നിക്കുന്ന്, കല്ലന്‍ വളപ്പ്, നൂമ്പില്‍ പുഴ തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്തുംവിധം റോഡ്‌ വികസിപ്പിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.     മേൽപ്പാലം യാഥാർഥ്യമാക്കാൻ ഒറ്റക്കെട്ടായി നിന്ന ഭരണ സംവിധാനങ്ങളും  ജനപ്രതിനിധികളും നാട്ടുകാരും സമീപന റോഡിന്റെ കാര്യത്തിലും  സഹായിക്കണം. പടിഞ്ഞാർ  ഭാഗത്ത്‌ വീതി അഞ്ചാക്കി വർധിപ്പിച്ചാലേ പ്രവർത്തി നടക്കു. സ്ഥലം  നൽകാത്തവരുമായി സംസാരിച്ച്  പ്രശ്നം തീർക്കാനാകുമെന്നാണ്‌ പ്രതീക്ഷ.  ആയിഷ അബൂബക്കർ,  ചെമ്മനാട്‌ പഞ്ചായത്തംഗം     സ്‌കൂൾ കുട്ടികൾ  ഉൾപ്പെടെയുള്ളവർ  ഇരട്ട റെയിൽവേ പാത കടക്കുന്നത് വലിയ അപകട ഭീഷണിയായിരുന്നു. ഏറെക്കാലത്ത് പരിശ്രമത്തിലാണ്‌ മേൽപ്പാലം പൂർത്തിയായത്. അനുബന്ധ റോഡ് ഇല്ലാത്തതിനാൽ നാട്ടുകാർക്ക് ഗുണം ലഭിക്കുന്നില്ല.  സി കെ കണ്ണൻ വ്യാപാരി, ചാത്തങ്കൈ   റെയിൽവേ മേൽപ്പാലം യാഥാർഥ്യമാക്കാൻ ശ്രമിച്ച  നാട്ടുകാരുടെ കൂട്ടായ്‌മ  റോഡ്‌ വികസനത്തിനും ആവശ്യമാണ്‌. റോഡിനായി സ്ഥലം  വിട്ടുനൽകാൻ തയ്യാറാകണം.   സി കെ  വിനോദ്‌,  ചാത്തങ്കൈ   Read on deshabhimani.com

Related News