മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ അന്തർദേശീയ നിലവാരത്തിലുള്ള സേവനം : മുഖ്യമന്ത്രി



  തിരുവനന്തപുരം തിരുവനന്തപുരം മെഡിക്കൽ കോളേജിനെ ശാക്തീകരിക്കുന്നതിൽ  സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഒട്ടേറെ നൂതന പദ്ധതികൾക്ക് സർക്കാർ തുടക്കമിട്ടു. വിദഗ്ധ ചികിത്സയ്‌ക്ക്‌ പുതിയ സംവിധാനങ്ങളായി. പുതിയ ട്രോമാകെയർ സംവിധാനവും അത്യാഹിത വിഭാഗവും നാടിന്‌ സമർപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്യാഹിത വിഭാഗത്തിൽ ചികിത്സാ സംവിധാനങ്ങളാകെ മാറ്റിയാണ്‌ ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കിയതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയിലെത്തുന്ന നിമിഷം മുതൽ രോഗികൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള സേവനം ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജിനായി അഞ്ഞൂറിലധികം തസ്തികകൾ ഈ സർക്കാർ സൃഷ്ടിച്ചതായി  ചടങ്ങിൽ അധ്യക്ഷയായിരുന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.  കോവിഡ്‌ ഉയർത്തുന്ന തടസ്സങ്ങൾക്കിടയിലും 717 കോടിയുടെ മാസ്റ്റർപ്ലാൻ  ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരണത്തിലേക്ക്‌ എത്തുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ റംല ബീവി റിപ്പോർട്ട് അവതരിപ്പിച്ചു. മേയർ കെ ശ്രീകുമാർ, വി കെ പ്രശാന്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, കലക്ടർ ഡോ. നവജ്യോത് ഖോസ, നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ കെ വരദരാജൻ, നഗരസഭ സ്‌റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷ എസ് എസ് സിന്ധു തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News