റിമോട്ട് കൺട്രോൾ
ആപ്പ് വഴി തട്ടിയ പണം 
തിരിച്ചെടുത്തു



  കൽപ്പറ്റ റിമോട്ട് കൺട്രോൾ ആപ്പ് വഴി തട്ടിയെടുത്ത പണം തിരിച്ചെടുത്ത് വയനാട് സൈബർ പൊലീസ്. കേരള നഴ്‌സിങ് കൗൺസിലിൽ ഗുഡ് സ്റ്റാൻഡിങ് സർട്ടിഫിക്കറ്റിനുവേണ്ടി അപേക്ഷിച്ച പുൽപ്പള്ളി സ്വദേശിയായ യുവതി സർട്ടിഫിക്കറ്റ് ലഭിക്കാൻ താമസം നേരിട്ടപ്പോൾ ഗൂഗിളിൽനിന്ന്‌ ലഭിച്ച ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായത്. വെസ്റ്റ് ബംഗാളിൽനിന്നുള്ള തട്ടിപ്പ് സംഘം യുവതിയുടെ മൊബൈൽ ഫോണിൽ  തന്ത്രപൂർവം ടീം വ്യൂവർ എന്ന റിമോട്ട് കൺട്രോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച്‌ 1,94,000 രൂപ തട്ടിയെടുത്തു. പരാതിയിൽ അന്വേഷണം നടത്തിയ സൈബർ പൊലീസ് ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ തട്ടിപ്പ് സംഘം 1.20 ലക്ഷം രൂപയുടെ ഫ്ളിപ് കാർട്ട് പർച്ചേസ് നടത്തിയതായി മനസ്സിലാക്കി.  പൊലീസ് ദ്രുതഗതിയിൽ ഫ്ളിപ് കാർട്ട് ലീഗൽ സെല്ലുമായി ബന്ധപ്പെട്ട് ഇടപാട് മരവിപ്പിച്ച്‌ പണം തിരികെ വാങ്ങിനൽകുകയായിരുന്നു. പ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതായും പൊലീസ് പറഞ്ഞു. ഓൺലൈൻ കസ്റ്റമർ കെയർ, ഹെൽപ്പ് ലെെൻ നമ്പറുകൾ ഗൂഗിൾ വഴി സെർച്ച്‌  ചെയ്യുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും  എനിഡെസ്ക്, ടീം വ്യൂവർ, ക്യുക്ക് സപ്പോർട്ട് പോലെയുള്ള  റിമോട്ട് കൺട്രോൾ അപ്പുകൾ മൊബൈലിൽ ഇൻസ്റ്റാൾ  ചെയ്യാൻ പാടില്ലെന്നും പൊലീസ് അറിയിച്ചു.  തട്ടിപ്പിന് ഇരയായാൽ 1930 നമ്പറിൽ  ഉടൻ സൈബർ പൊലീസുമായി ബന്ധപ്പെടണം. Read on deshabhimani.com

Related News