ഇതുവഴി പോയാലോ... 
സമയവും ദൂരവും ലാഭം

നിർമാണം പുരോഗമിക്കുന്ന ചീപ്പുങ്കൽ മണിയാപറമ്പ് റോഡ്


കോട്ടയം ദശാബ്ദങ്ങളായി മുടങ്ങിയിരുന്ന ചീപ്പുങ്കൽ–-മണിയാപറമ്പ്‌ റോഡിന്റെ പൂർത്തീകരണം നാടിന്‌ ഉത്സവമാകുമെന്നുറപ്പ്‌. കാത്തിരിപ്പ്‌ നീളില്ലെന്ന്‌‌‌‌ നിർമാണ വേഗത്തിൽ നിന്നറിയാം. ചേർത്തല–- കുമരകം റോഡിൽനിന്ന്‌ മെഡിക്കൽ കോളേജിലേക്ക്‌ ആശുപത്രിയിലേക്കുള്ള ബൈപ്പാസായി മാറുന്ന റോഡ്‌ കാർഷികമേഖലയ്‌ക്ക്‌ നൽകുന്ന സംഭാവനയും വിലമതിയ്‌ക്കാനാകില്ല. ചീപ്പുങ്കലിൽനിന്ന്‌ കുമരകം റോഡിലൂടെ മെഡിക്കൽ കോളേജിലെത്താൻ ശരാശരി 22 കിലോമീറ്ററാണ്‌ ദൂരം. വെച്ചൂർ–-കല്ലറ–-നീണ്ടൂർ റോഡിലൂടെയെങ്കിലും ദൂരക്കുറവില്ല.   പത്തുകിലോമീറ്ററിലേറെ യാത്രാദൈർഘ്യവും സമയവും കുറയ്‌ക്കാനാകും.   വീണ്ടും ജീവൻ 
വയ്‌ക്കുന്നു മൂന്നുപതിറ്റാണ്ടിലേറെ മുടങ്ങിക്കിടന്നു ചീപ്പുങ്കൽ–-മണിയാപറമ്പ്‌ റോഡ്‌ നിർമാണം. 30 കൊല്ലം മുമ്പ്‌ റോഡിന്റെ രൂപരേഖ ഒരുങ്ങിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിന്‌‌ ഇടതുപക്ഷക്കാരനായ എംഎൽഎ വന്നതും പണമനുവദിക്കാൻ എൽഡിഎഫ്‌ സർക്കാർ തയ്യാറായതും നിർമാണത്തിന്‌ വീണ്ടും ജീവൻ നൽകി. കെ സുരേഷ്‌കുറുപ്പ്‌ എംഎൽഎയുടെ ഇടപെടലിൽ 39 കോടി രൂപയാണ്‌ അനുവദിച്ചത്‌. പാടങ്ങൾക്ക്‌ നടുവിലെ റോഡ്‌ മണിയാപറമ്പിൽനിന്ന്‌ ചീപ്പുങ്കൽവരെ അഞ്ചരകിലോമീറ്ററാണ്‌ ദൈർഘ്യം. പൂർണമായും അഞ്ച്‌ പാടങ്ങളിലൂടെ കടന്നുപോകുന്നു. വലിയ പാടശേഖരമായ ചൂരത്തറയിലൂടെയാണ്‌ കൂടുതൽ ഭാഗം. പായ്‌വട്ടുമേക്കരി, കണ്ടമുണ്ടാലിക്കരി, തുരുത്തുമാലിക്കരി, പള്ളിക്കായൽ എന്നിവയാണ്‌ മറ്റുപാടങ്ങൾ. റോഡിന്റെ ഉപരിതലത്തിന്‌ പത്തുമീറ്റർ വീതിയുണ്ടാകും. മണ്ണടിച്ച്‌ റോഡ്‌ ഉയർത്തുന്ന നിർമാണം പുരോഗമിക്കുകയാണ്‌. പാടങ്ങളിലേക്ക്‌ റോഡ്‌ കൊണ്ടുപോകാൻ മണിയാപറമ്പിൽ പുതിയപാലം നിർമിച്ചിരുന്നു. ഗതാഗതം സാധ്യമായാൽ കർഷകർക്ക്‌ കൃഷിചെലവിൽ ഏക്കറൊന്നിന്‌‌‌ ആയിരം രൂപയെങ്കിലും കുറവുവരുമെന്ന്‌ ചൂരത്തറ പാടത്തിലെ കർഷകൻ കരിപ്പുറം സുകുമാരൻ പറയുന്നു. ‘വാഹന സൗകര്യമില്ലാത്തതിനാൽ  നെല്ല്‌ ചാക്കിൽ അട്ടിയാക്കി വള്ളത്തിൽ കയറ്റി‌ ലോറി വരുന്നിടത്ത്‌ എത്തിക്കണം. കയറ്റിറക്കിനത്തിൽ വൻതുകയാണ്‌ നഷ്ടം. ഈദുരിതത്തിൽ നെല്ല്‌ സംഭരണം വൈകും. റോഡ്‌ വന്നാൽ ഇതിനെല്ലാം പരിഹാരമാകും’–--സുകുമാരൻ പറഞ്ഞു. അയ്‌മനം, ആർപ്പൂക്കര പ്രദേശങ്ങളുടെ ടൂറിസം വികസനത്തിനും റോഡ്‌ പ്രതീക്ഷയാണ്‌.    നിർമാണത്തിന്‌ പിവിഡിയും ജിയോടെക്‌സും പാടശേഖരങ്ങൾക്കിടയിലൂടെയായതിനാൽ  റോഡ്‌ താഴുന്നത്‌ ഒഴിവാക്കാനാണ്‌ പിവിഡിയും ജിയോടെക്‌സും ചെയ്യുന്നത്‌. റോഡിന്‌  സമ്മർദം കൂടിയാലും അടിയിലുള്ള വെള്ളം കെട്ടിനിൽക്കാതെ വശങ്ങളിലൂടെ ഒഴുക്കിവിടുന്നതാണ്‌ പിവിഡി. കയർമാറ്റിടുന്നതുപോലെ മെറ്റലിനു മുകളിൽ വിരിക്കുന്നതാണ്‌ ജിയോടെക്‌സ്‌. അമ്പലപ്പുഴ–- തിരുവല്ല റോഡിലാണ്‌ സംസ്ഥാനത്ത്‌ ആദ്യം ജിയോ ടെക്‌സ് ഉപയോഗിച്ചത്‌. Read on deshabhimani.com

Related News