പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും



  കൽപ്പറ്റ നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ അർജുനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അഞ്ചുദിവസത്തെ  കസ്റ്റഡി ആവശ്യപ്പെട്ടാണ്‌ കോടതിയിൽ അപേക്ഷ നൽകിയത്‌. വിശദമായ ചോദ്യംചെയ്യലിനും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുമായി  മാനന്തവാടി ഡിവൈഎസ്‌പി എ പി ചന്ദ്രനാണ്‌  അപേക്ഷ നൽകിയത്‌.   തിങ്കളാഴ്ച കസ്‌റ്റഡിയിൽ ലഭിക്കുമെന്നാണ്‌ കരുതുന്നത്‌. വെള്ളിയാഴ്ചയാണ്‌ പ്രതിയെ 14 ദിവസത്തേക്ക്‌  റിമാൻഡ് ചെയ്‌തത്‌. സംഭവസ്ഥലത്തുനിന്ന്‌ കണ്ടെത്തിയ രക്തക്കറയും തുണിക്കഷ്ണവും വിരലടയാളവും ശാസ്ത്രീയ പരിശോധനക്ക്‌ വിധേയമാക്കും.  വെള്ളിയാഴ്ച  പ്രതിയെ  തെളിവെടുപ്പിനായി താഴെ നെല്ലിമ്പയത്ത് കൊണ്ടുവന്നിരുന്നു. ആദ്യം കൊലപാതകം നടന്ന വീട്ടിലും പിന്നീട് അർജുന്റെ  വീട്ടിലുമാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയുടെ വീട്ടിൽനിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന്‌ കരുതുന്ന കത്തിയും സംഭവദിവസം അർജുൻ ധരിച്ചിരുന്ന വസ്ത്രങ്ങളും ഷൂവും പൊലീസ് കണ്ടെത്തിയിരുന്നു. 5 ലക്ഷം ഫോൺ കോളുകളും മൂവായിരത്തോളം കുറ്റവാളികളെയും നൂറ്റമ്പതിലധികം സിസിടിവി ദൃശ്യങ്ങളും പൊലീസ് നിരീക്ഷിച്ചിരുന്നു. കൂടുതൽപേർ അക്രമണത്തിന് പിന്നിൽ ഉണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്.  അന്വേഷണത്തിന്റെ  ആദ്യഘട്ടത്തിൽത്തന്നെ പ്രതി പ്രദേശവാസികൾ തന്നെയാണെന്ന സംശയം പൊലീസിൽ ഉണ്ടായിരുന്നു. കൊലപാതകം മോഷണത്തിനുവേണ്ടിയാകാമെന്നും പൊലീസ് പറഞ്ഞിരുന്നു. സംഭവശേഷം അന്വേഷകസംഘത്തിന് ഒപ്പമെത്തിയ പൊലീസ് നായ മണംപിടിച്ച് പോയത് പ്രതിയുടെ വീടിന് മുകൾഭാഗത്തുള്ള തോട്ടത്തിലൂടെയായിരുന്നു. കൊലപാതകം നടന്ന സമയത്ത് കോവിഡ് നിയന്ത്രണം കടുപ്പിച്ചതും  കൊലപാതകം നടന്നയുടൻ അന്വേഷണം ആരംഭിച്ചതിനെത്തുടർന്നും പ്രതി രക്ഷപ്പെടാൻ സാധ്യതയില്ലെന്നും അതുകൊണ്ടുതന്നെ കൊലപാതകത്തിന് സമീപവാസികളുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ചായിരുന്നു പൊലീസ്‌ അന്വേഷണം പുരോഗമിച്ചത്. സംഭവശേഷം കടന്നുകളഞ്ഞ പ്രതി വീട്ടിലും പരിസരത്തും കാര്യമായ തെളിവ്‌  അവശേഷിപ്പിക്കാത്തതിനാൽ കരുതിക്കൂട്ടിയുള്ള കൊലപാതകം തന്നെയായിരുന്നു എന്ന നിഗമനമായിരുന്നു ആദ്യം. സംഭവത്തിൽ ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നത് അന്വേഷകസംഘത്തിന് വലിയ വെല്ലുവിളിയായിരുന്നു. Read on deshabhimani.com

Related News