ഇനി കാറ്റും മഴയും ഭയക്കേണ്ട കുഞ്ഞുമോന്‌‌ വീടൊരുക്കി സിപിഐ എം



 ഏറ്റുമാനൂർ കോരിച്ചൊരിയുന്ന മഴയും ശക്തമായ കാറ്റും വരുമ്പോൾ കുഞ്ഞുമോന് ഭയമായിരുന്നു. പേരൂർ മേച്ചേരിക്കാല കോളനിയിൽ ആകെയുള്ള കൂര ഒലിച്ചുപോകുമോ എന്ന പേടിയോടെയാണ്‌ ഓരോ ദിവസവും കഴിച്ചുകൂട്ടിയത്‌. എന്നാൽ കുഞ്ഞുമോനും ഭാര്യ സിബിമോളും അഞ്ചു മക്കളും ഇപ്പോൾ സുരക്ഷിതരാണ്. സിപിഐ എം പേരൂർ ലോക്കൽ കമ്മിറ്റി നിർമിച്ച വീട്ടിലേക്ക്‌ മാറിത്താമസിക്കാൻ ഒരുങ്ങുകയാണ്‌ ഈ കുടുംബം. നാല് പെൺമക്കളും ഒരു ആൺകുട്ടിയും അടങ്ങുന്ന കുടുംബമാണ്‌ കുഞ്ഞുമോന്റേത്‌. പെൺമക്കളുടെ ഭാവി ഓർത്ത്‌ ആശങ്കയോടെ കഴിഞ്ഞിരുന്ന ഗൃഹനാഥന്‌ ഇപ്പോൾ ആശ്വാസത്തിന്റെ ദിനങ്ങളാണ്‌.  670 സ്ക്വയർ ഫീറ്റിൽ 8 ലക്ഷത്തോളം രൂപ മുടക്കിയാണ് കുഞ്ഞുമോന്റെ സ്വപ്നം സാക്ഷാൽക്കരിച്ചത്. മക്കളായ കാവ്യ, ആര്യ, അനഘ, അനഖ, രോഹൻ, അമ്മ തങ്കമ്മ എന്നിവരടക്കം എട്ടുപേരടങ്ങുന്നതാണ് കുഞ്ഞുമോന്റെ കുടുംബം. പൂർത്തീകരിച്ച വീടിന്റെ താക്കോൽ ഞായറാഴ്ച   കൈമാറും. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ താക്കോൽദാനം നിർവഹിക്കും. ജില്ലാ സെക്രട്ടറി വി എൻ വാസവൻ, അഡ്വ. കെ സുരേഷ് കുറുപ്പ് എംഎൽഎ എന്നിവർ പങ്കെടുക്കും. ഭവനനിർമാണ പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാവർക്കും നിർമാണ കമ്മിറ്റി ചെയർമാൻ പി എസ് അനിയൻ, കൺവീനർ ജോണി വർഗീസ്‌, ട്രഷറർ എം എസ് ചന്ദ്രൻ എന്നിവർ നന്ദി പറഞ്ഞു. Read on deshabhimani.com

Related News