കണിയാമ്പറ്റയിൽ ഇന്ന്‌ സിപിഐ എം ധർണ



  കല്‍പ്പറ്റ കണിയാമ്പറ്റ പഞ്ചായത്ത്  ഭരണസമിതിയുടെ അഴിമതിക്കെതിരെ ശനിയാഴ്‌ച പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന്‌  സിപിഐ എം  നേതാക്കൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഴിമതിയിയും സ്വജനപക്ഷപാതവുമായിരുന്നു പഞ്ചായത്ത്‌ ഭരണസമിതിയുടെ  ഇതുവരെയുള്ള  മുഖമുദ്ര.  ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്ന ഭരണസമിതിക്ക് ഘടകകക്ഷികളുടെ പിന്തുണപോലും നഷ്ടപ്പെട്ടു.  യോഗ്യതയില്ലാത്ത വ്യക്തിയെ തൊഴിലുറപ്പ് എൻജിനിയറായി നിയമിച്ച് 13 ലക്ഷം രൂപയാണ് ശമ്പളം നല്‍കിയത്.   പുതിയ നിയമനത്തിലും സ്വജനപക്ഷപാതം പ്രകടമായിരുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ ഒഴിവാക്കി ഇന്റര്‍വ്യു പ്രഹസനമാക്കി.  ഇതിനെതിരെ വിജിലന്‍സിലുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്‌.  ഭരണസമിതിയുടെ ബിനാമി കരാറുകാര്‍ക്ക്‌ പ്രവൃത്തികൾ നൽകി അഴിമതിയിൽ മുക്കി.  ലൈഫ് മിഷൻ പദ്ധതി അട്ടിമറിച്ചു.  ഗുണഭോക്തൃ ലിസ്റ്റുകളിൽ സ്വന്തക്കാരെ തിരുകികയറ്റുകയാണ്‌.  ഭവന നിർമാണ പദ്ധതിയിലെ അഴിമതിയിൽ സമഗ്ര അന്വേഷണം നടത്തണം. സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതിയിൽ ലക്ഷങ്ങളുടെ അഴിമതിയാണുള്ളത്‌. സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകളും എംഎല്‍എ ഫണ്ടുകളും ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭരണസമിതി തുരങ്കം വെക്കുകയാണ്‌.  ഭരണസമിതി അംഗങ്ങളുടെ ബിനാമി ഇടപാടുകൾ  അന്വേഷിക്കണം. ഇത്‌ സംബന്ധിച്ച്‌ പരാതി നൽകിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. കൽപ്പറ്റ ഏരിയ സെക്രട്ടറി എം മധു, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എ എന്‍ സുരേഷ്, സ്മിത സുനില്‍, ഷൈജല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. Read on deshabhimani.com

Related News