മുഖ്യമന്ത്രിക്കെതിരായ ആക്രമണശ്രമം വി ഡി സതീശനെയും സുധാകരനെയും ചോദ്യം ചെയ്യണം: ഇ പി ജയരാജൻ



മട്ടന്നൂർ മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെയും ചോദ്യം ചെയ്യണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. രാജ്യചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിക്കുനേരെ വിമാനത്തിൽ ആക്രമണമുണ്ടായപ്പോൾ പ്രതികളെ കുട്ടികളെന്ന് വിളിച്ച് ന്യായീകരിച്ചവരാണ് ഇരുവരും. കോൺഗ്രസ്–--ബിജെപി അക്രമസമരത്തിനെതിരെ എൽഡിഎഫ് മട്ടന്നൂരിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ പി.   മുഖ്യമന്ത്രിയെ ആക്രമിക്കാൻതന്നെയാണ്‌ മൂന്നംഗ സംഘത്തെ അയച്ചത്. ഭീകരർ ഒഴികെ ആരും വിമാനത്തിൽ ഇത്തരം ആക്രമണത്തിന് മുതിർന്നിട്ടില്ല. ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. 12,000 രൂപ വീതമുള്ള ടിക്കറ്റെടുത്ത് ഇവർ സ്വയം അക്രമത്തിനിറങ്ങിയതാണെന്ന് വിശ്വസിക്കാനാകില്ല.    അശ്ലീല രാഷ്ട്രീയമാണ് കോൺഗ്രസ് ഇപ്പോൾ നടത്തുന്നത്. സ്വപ്‌നയും പി സി ജോർജും ക്രൈം നന്ദകുമാറുമാണ് ഇവരുടെ പുതിയ കൂട്ടാളികൾ. തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു. പൊലീസിനെ ആക്രമിച്ചുകൊണ്ടുള്ള സമരത്തിന് ക്വട്ടേഷൻ സംഘത്തെയാണ് ഉപയോഗിക്കുന്നത്. സെക്രട്ടറിയറ്റിനുമുന്നിൽ കോൺഗ്രസ് അക്രമസമരങ്ങളിൽ സ്ഥിരമായി ബാരിക്കേഡിന് മുന്നിൽ ചാടിക്കയറുന്നവർ ക്വട്ടേഷൻ സംഘാംഗങ്ങളാണ്. വിമാനത്തിലെ ആക്രമണക്കേസ് പ്രതികളെയും നേതൃത്വത്തിന്റെ ക്വട്ടേഷൻ സംഘങ്ങളായേ കാണാനാകൂ. കോൺഗ്രസിന്റെ ഇന്നത്തെ നിലവാരത്തെക്കുറിച്ച് ആ പാർടിയിലെ അണികൾ പരിശോധിക്കണം.    20 തവണ സ്വർണക്കള്ളക്കടത്ത് നടത്തിയ സ്വപ്‌ന സുരേഷ് പറയുന്നതല്ലാതെ വികസനത്തെക്കുറിച്ച് ഒന്നും കോൺഗ്രസിന് ജനങ്ങളോട് പറയാനില്ല. ബിജെപിയിൽ ചേരാൻ ചെന്നൈയിലേക്ക് പോയയാൾ കേരളത്തിൽ കോൺഗ്രസിനെ നയിക്കാൻ തുടങ്ങിയതോടെ കോൺഗ്രസും ബിജെപിയും ഉറ്റ സുഹൃത്തുക്കളായി. തൃക്കാക്കരയിലും അതാണ് കണ്ടത്. കോൺഗ്രസും ബിജെപിയും പരസ്പരം കൂടിയാലോചിച്ചാണ് കേരളത്തിൽ അക്രമസമരം സംഘടിപ്പിക്കുന്നതെന്നും ഇത് കേരളജനത തിരിച്ചറിഞ്ഞെന്നും ഇ പി പറഞ്ഞു. കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി കെ എം വിജയൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കെ ടി ജോസ്, പി പുരുഷോത്തമൻ, ബാബുരാജ് ഉളിക്കൽ, കെ പി രമേശൻ, ഡി മുനീർ, എൻ വി ചന്ദ്രബാബു, സി വി ശശീന്ദ്രൻ, എം വി സരള എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News