തോൽപ്പിക്കാനാവില്ല മക്കളേ ഈ ജോണപ്പനെ...

കെ എം ജോൺ ടെന്നീസ് കോർട്ടിൽ


തിരുവല്ല 91–--ാം വയസിലും കളികളോടുള്ള ജോണിച്ചായന്റെ ആവേശം അടങ്ങുന്നില്ല. മുംബൈ ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിലെ റിട്ട. സൈന്റിഫിക് ഓഫീസർ വള്ളംകുളം കൊച്ചുവിഴലിൽ കെ എം ജോണിന് സ്കൂൾ വിദ്യാർഥിയായിരിക്കെ തുടങ്ങിയതാണ് സ്പോർട്സിനോടുള്ള അഭിനിവേശം. ജില്ലാ ഒളിംബിക്സ് ഗയിംസ് ഇനങ്ങളിൽ തിരുവല്ല ട്രാവൻകൂർ ക്ലബിൽ നടന്ന ടെന്നീസ് മൽസരത്തിൽ വെറ്ററൻസ് വിഭാഗത്തിൽ അരങ്ങേറിയതാണ് ഏറ്റവും ഒടുവിലത്തെ മൽസരം. 1935ൽ ഇരവിപേരൂർ സെന്റ്‌ ജോൺസ് വിദ്യാർഥിയായിരിക്കെ ഫുട്ബോളിൽ ബൂട്ടണിഞ്ഞ് കളിക്കളത്തിലിറങ്ങിയതാണ്.  ചങ്ങനാശേരി എൻഎസ്എസ് കോളേജിൽ പ്രീഡിഗ്രിക്കും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ബിഎസ്‌സിക്കും  പഠിക്കവേ ഇന്റർ കൊളേജിയറ്റ് മൽസരങ്ങളിൽ മിന്നിത്തിളങ്ങി. കോളേജിൽ ഹോക്കിയിലും താരമായി. വിദ്യാഭ്യാസം കഴിഞ്ഞ് ഒരു വർഷം പുല്ലാട് എസ് വി സ്കൂളിൽ ഒരു വർഷം ഇംഗ്ലീഷ് അധ്യാപകനായി. കുട്ടികൾക്ക് കായികപരിശീലനവും നൽകി. പിന്നീട് പൂണെയിലേക്ക് പോയി. വാഡിയ ടെക്നിക്കൽ കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ്‌ ഇലക്ട്രിക്കൽ കോഴ്സിന് ചേർന്ന് പഠനം പൂർത്തിയാക്കി. മുംബൈ ഭാഭാ ആറ്റമിക്ക് റിസർച്ച് സെന്ററിൽ ഉപ ശാസ്ത്രജ്ഞനായി ജോലിയിൽ പ്രവേശിച്ചു. ജോലിയിലിരിക്കെ ബാസ്കറ്റ് ബോളിലും അരങ്ങേറ്റം കുറിച്ചു. മുംബെയിൽ നിരവധി ക്ലബ് മൽസരങ്ങളിൽ മാറ്റുരച്ചു. 20 വർഷത്തെ സേവനത്തിന് ശേഷം സൈന്റിഫിക് ഓഫീസറായാണ് പിരിയുന്നത്.  ദുബായ്‌ അറാം ഓയിൽ  കമ്പനിയിൽ ഒൻപത്‌ വർഷം ടെക്നിക്കൽ ഓഫീസറായും സേവനമനുഷ്ടിച്ചു. അവിടെ വച്ചാണ് ടെന്നീസ് കളിയിൽ താൽപര്യം തോന്നിയത്. നാട്ടിൽ തിരിച്ചെത്തിയ ശേഷം സീനിയർ വെറ്ററൻസ് മൽസരങ്ങളിൽ പങ്കെടുത്തു. 65 വയസിനു മുകളിലുള്ള സംസ്ഥാന വെറ്ററൻസ് മൽസരങ്ങളിൽ നാല് തവണ ചാമ്പ്യനായി. നൂറിലേക്ക് പോകുന്ന ജോണിന് വാർധക്യ, ജീവിതചര്യാ രോഗങ്ങളോ അലട്ടുന്നില്ല. ഒരു മരുന്നിനെയും അശ്രയിക്കാതെ ജോണപ്പന്റെ ശരീരം ഇന്നും ഫിറ്റാണ്. കോട്ടയം സിഎംഎസ് കോളേജ് റിട്ട. ലക്ചറർ ഏലിയാമ്മ ജോണാണ് ഭാര്യ.മാധ്യമപ്രവർത്തക ലീനാ മാത്യു, ജൂലി സണ്ണി, ലിജി അഭയ് എന്നിവർ മക്കളാണ്. Read on deshabhimani.com

Related News