നെല്‍ക്കൃഷിയില്‍ മുന്നേറി കിളിമാനൂർ ബ്ലോക്ക്

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് തയ്യാറാക്കിയ നെല്ല് 2021 തിരുവനന്തപുരം ജില്ല എന്ന റിപ്പോർട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ഏറ്റുവാങ്ങുന്നു


  കിളിമാനൂർ ജില്ലയിൽ ഏറ്റവും അധികം നെൽക്കൃഷി നടത്തിയ ബ്ലോക്ക് പഞ്ചായത്തായി കിളിമാനൂർ. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡിപ്പാർട്ട്മെന്റാണ്‌ ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് പുറത്തിറക്കിയത്. വകുപ്പിന്റെ നെല്ല്  2021 തിരുവനന്തപുരം ജില്ല എന്ന റിപ്പോർട്ടിലാണ് പരാമർശമുള്ളത്. 2020–- 21 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ 2130 ഹെക്ടർ നിലങ്ങളിലാണ് നെൽക്കൃഷി നടത്തിയത്. അതിൽ 871.92 ഹെക്ടർ നെൽക്കൃഷി ചെയ്താണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മുന്നിലെത്തിയത്.  ജില്ലയിൽ നെൽക്കൃഷിയുള്ള പഞ്ചായത്തുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് ന​ഗരൂരാണ്. പഞ്ചായത്തുകളിൽ ഏറ്റവും അധികം നെൽക്കൃഷി ചെയ്യാനുള്ള ഭൂമിയുള്ളത് നാവായിക്കുളം പഞ്ചായത്തിനാണ്. ഏറ്റവും കൂടുതൽ നെൽക്കൃഷി നടത്തിയത് ന​ഗരൂർ പഞ്ചായത്തും. 221 ഹെക്ടറിലാണ് ന​ഗരൂർ  നെൽക്കൃഷിയിറക്കിയത്.  നേട്ടത്തിൽ അഭിമാനമുണ്ടെന്നും കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ബ്ലോക്ക് പഞ്ചായത്താണ് കിളിമാനൂർ എന്നും പ്രസിഡന്റ് ബി പി മുരളി പറഞ്ഞു. 2021–-  22 സാമ്പത്തിക വർഷത്തിൽ നെൽക്കൃഷിക്ക് മാത്രമായി  70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.  സാമ്പത്തിക സ്ഥിതിവിവരക്കണക്ക്  ഡെപ്യൂട്ടി ഡയറക്ടർ  ബി അനീഷ് കുമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളിക്ക് റിപ്പോർട്ട് കൈമാറി. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഡി ശ്രീജ അധ്യക്ഷയായി. ബ്ലോക്ക് പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പരിധിയിലെ ജില്ലാപഞ്ചായത്ത് ഡിവിഷൻ അം​ഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തം​ഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  കെ പി ശ്രീജാറാണി സ്വാ​ഗതം പറഞ്ഞു.   Read on deshabhimani.com

Related News