കോളേജുകളില്‍ നൈപുണ്യ വികസന 
കേന്ദ്രങ്ങള്‍ സ്ഥാപിക്കും: ആര്‍ ബിന്ദു

മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ആർ ബിന്ദു, പുതിയ മാസ്‌ക്‌ കണ്ടെത്തിയ എൻജിനിയറിങ് കോളേജ്‌ വിദ്യാർഥികളുമായി സംസാരിക്കുന്നു


തൃശൂർ സംസ്ഥാനത്തെ കോളേജുകളിൽ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൈപുണ്യ വികസനകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ജില്ലാ ഭരണകേന്ദ്രത്തിന്റെയും കേരള ഡെവലപ്‌മെന്റ് ആൻഡ്‌ ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിലിന്റെയും (കെ ഡിസ്‌ക്) നേതൃത്വത്തിൽ കേരള നോളജ് എക്കോണമി മിഷൻ തൃശൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.   ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ച് പുറത്തിറങ്ങുന്നവർക്ക് തൊഴിൽ കമ്പോളത്തിന് ആവശ്യമായ വൈദഗ്ധ്യത്തിന്റെ കുറവുണ്ട്. ഇത് പരിഹരിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൈദഗ്ധ്യ പോഷണകേന്ദ്രങ്ങൾ സ്ഥാപിച്ച്  തൊഴിൽ സജ്ജരാക്കുമെന്നും മന്ത്രി പറഞ്ഞു. കലക്ടർ ഹരിത വി കുമാർ അധ്യക്ഷയായി. ജനുവരിയിൽ 10,000 പേർക്ക് ജോലി ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നതെന്നും കലക്ടർ അറിയിച്ചു. മാസ്‌ക്കിട്ട് സംസാരിക്കുമ്പോൾ ശബ്ദം കേൾക്കുന്നില്ലെന്ന പ്രശ്നത്തിന് പരിഹാരവുമായി ഗവ. എൻജിനിയറിങ്‌ കോളേജിലെ പൂർവവിദ്യാർഥികളായ മുഹമ്മദ് റിഷാൻ, കെ ടി സവാദ് എന്നിവരും കോളേജ് വിദ്യാർഥി കെവിൻ ജേക്കബും ചേർന്ന് വികസിപ്പിച്ചെടുത്ത ഉപകരണം ക്യുനൈറ്റ്സ് വോയ്സ് ആബ്ലിഫയർ ചടങ്ങിൽ പ്രകാശിപ്പിച്ചു.   പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് എന്നിവർ വിശിഷ്ടാതിഥികളായി. കെകെഇഎം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മധുസൂദനൻ, ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് കൃപകുമാർ, ഗവ. എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ടി രഞ്ജിനി ഭട്ടതിരിപ്പാട് എന്നിവർ സംസാരിച്ചു. കോവിഡ് സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് തൊഴിൽ ദാതാക്കൾക്കും ഉദ്യോഗാർഥികൾക്കും സൗകര്യപ്രദമായ രീതിയിൽ നേരിട്ടും ഓൺലൈനുമായാണ് മെഗാ ജോബ് ഫെയർ നടത്തിയത്. നൂറിൽപ്പരം കമ്പനികൾ ആറായിരത്തിൽപ്പരം ഒഴിവുകൾ രജിസ്‌റ്റർ ചെയ്‌തിരുന്നു. Read on deshabhimani.com

Related News