മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു



പൊന്നാനി  ഫൈബർ വള്ളം മറിഞ്ഞ് കടലിൽ കാണാതായ മൂന്ന്‌ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. ഫിഷറീസിന്റെയും കോസ്റ്റൽ ഗാർഡിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ. പൊന്നാനിയിൽനിന്ന്‌ 13ന്  ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ നാല്  മത്സ്യത്തൊഴിലാളികളാണ്‌ അപകടത്തിൽപ്പെട്ടത്‌. മന്ദലാംകുന്നിന് 10 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്ത് മത്സ്യബന്ധനത്തിനിടെ 14ന് പുലർച്ചെ 2.30നാണ് വള്ളം മറിഞ്ഞത്‌. ഇതിൽ ഹംസക്കുട്ടി എന്നയാളെ ബേപ്പൂരിൽനിന്നും  മത്സ്യബന്ധനത്തിന് പോയ ബോട്ടുകാർ കണ്ടെത്തുകയും വിവരം ഫിഷറീസ് കണട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഫിഷറീസ് സുരക്ഷാ ബോട്ടിൽ ഹംസക്കുട്ടിയെ കരയിലെത്തിച്ചു.   ഉടൻതന്നെ ഫിഷറീസ് പട്രോൾ ബോട്ട്, കോസ്റ്റൽ പൊലീസ്  ബോട്ട് എന്നിവർ ബാക്കിയുള്ള മൂന്നുപേരെ കണ്ടെത്താൻ  തിരച്ചിൽ ആരംഭിച്ചു. കൊച്ചി ജെഒസിയുടെ സഹായവും തേടിയിരുന്നു. വൈകിട്ട് 6.30ഓടെ കോസ്റ്റ് ഗാർഡ്  കപ്പൽ തിരച്ചിൽ  ആരംഭിച്ചു. 15ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ രാവിലെയും ഉച്ചയ്ക്കുശേഷവും പൊന്നാനിമുതൽ ബേപ്പൂർവരെ ഏരിയൽ സെർച്ചിങ് നടത്തി. കോസ്റ്റൽ പൊലീസ്  ബോട്ട്, ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ മറൈൻ ആബുലൻസ് എന്നിവരും രാവിലെ ആറുമുതൽ രാത്രി ഏഴുവരെ തിരച്ചിൽ നടത്തി. വെള്ളത്തിന്റെ അടിയൊഴുക്കിന്റെ അടിസ്ഥാനത്തിൽ  കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ തീരങ്ങളിലും ഫിഷറീസ് അധികൃതരുമായി ബന്ധപ്പെട്ട് തിരച്ചിൽ നടത്തി.  പ്രതികൂല കാലാവസ്ഥയിൽ 16ന് രാവിലെ മാത്രമാണ്‌ ഏരിയൽ സെർച്ചിങ് നടത്തിയത്‌. 17ന് രാവിലെയും തിരച്ചിൽ നടത്തിയെന്നും തിരച്ചിൽ തുടരുകയാണെന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. Read on deshabhimani.com

Related News