അധിക വിളകൾ വിദേശത്തേക്ക്‌ അയക്കും: മന്ത്രി പി പ്രസാദ്‌



കൊടുമൺ കേരളത്തിൽ ഉല്പാദിപ്പിക്കുന്ന അധിക കാർഷികവിളകളെ മൂല്യവർധിത ഉൽപന്നങ്ങളാക്കി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കർഷകരുടെ വരുമാനം ഇന്നുള്ളതിനേക്കാൾ 50 ശതമാനം വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. കൊടുമണ്ണിലെ വിതയുത്സവം ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം. പച്ചക്കറി ഉൽപാദനത്തിൽ നാം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്‌. എല്ലാ മേഖലയിലുമുണ്ടാകുന്ന അധിക ഉൽപ്പാദനം വിലയിടിവിന് കാരണമാകും. അത്തരം സ്ഥിതിവിശേഷം നേരിടാനും കർഷകരെ സഹായിക്കാനുമായി സർക്കാർ വിപണന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കും. കാർഷിക കൂട്ടായ്മകളിലൂടെ ഉണ്ടാക്കിയെടുക്കുന്ന ഭക്ഷ്യവസ്തുക്കളുടെസംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കായി മന്ത്രിതല ഉപസമിതി രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു.  യോഗത്തിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള , ജില്ലാ പഞ്ചായത്തംഗം ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞന്നാമ്മ കുഞ്ഞ്, കൊടുമൺ ഫാർമേഴ്സ് സൊസൈറ്റി പ്രസിഡന്റ് എ എൻ സലീം. പഞ്ചായത്ത്സ്ഥിരം സമിതി അധ്യക്ഷൻ എ വിപിൻ കുമാർ , കൃഷി ഡപ്യൂട്ടി ഡയറക്ടർമാരായ ലൂയിസ് മാത്യു, എലിസബത്ത് എന്നിവർ സംസാരിച്ചു. മുതിർന്ന കർഷകത്തൊഴിലാളികളായ ഭാസ്കരൻ , മീനാക്ഷി എന്നിവരെ മന്ത്രിആദരിച്ചു. മുണ്ടുകോണം - ചേരുവ പെരുങ്കളം പാടശേഖര സമിതിക്കുള്ള പവർ ടില്ലർ കൈമാറി. കൃഷി ഓഫീസർ ആദില സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ധന്യാ ദേവി നന്ദിയും  പറഞ്ഞു.    Read on deshabhimani.com

Related News