ആഘോഷിക്കാനെത്തി; തിരയിൽപെട്ടു



കോവളം  ഉറ്റതോഴന്റെ വിദേശ യാത്രയിലുള്ള സന്തോഷം പങ്കിടാൻ ഒത്തു ചേർന്നതായിരുന്നു അവർ. ആഴിമലതീരത്തെ ആഘോഷത്തിന്‌ ശേഷം വീട്ടിലേക്ക്‌ മടങ്ങാനിരുന്നവർ. നാല്‌ കുടുംബത്തിന്റെ അത്താണികൾ. ആഴിമല തീരത്ത്‌ കുളിക്കാനിറങ്ങിയ നാല്‌ യുവാക്കളെ കാണാതായ വാർത്തയറിഞ്ഞ ഞെട്ടലിലായിരുന്നു വ്യാഴാഴ്‌ച രാത്രി വിഴിഞ്ഞത്തെ ജനങ്ങൾ.  പുല്ലുവിള സ്വദേശിയായ ജോൺസൻ ക്ലീറ്റസ് വെള്ളിയാഴ്ച ജോലിക്കായി ബ്രിട്ടനിലേക്ക്‌ പോകാനിരിക്കുകയായിരുന്നു. വാടക വീട്ടിൽ മാതാപിതാക്കളും സഹോദരിയ്ക്കും ഒപ്പം താമസിച്ചിരുന്ന ജോൺസൻ കുടുംബത്തിന്റെ ദാരിദ്ര്യം അകറ്റാനായിരുന്നു വിദേശത്ത് പോകാൻ തീരുമാനിച്ചത്.  എന്നാൽ ആ സന്തോഷം പങ്കിടൽ പൂർത്തിയാകുന്നതിന്‌ മുമ്പ് എല്ലാ സ്വപ്നങ്ങളും പൊലിഞ്ഞു. തന്റെ യാത്രയിലുള്ള സന്തോഷം പങ്കിടാനായിരുന്നു ജോൺസൻ തന്റെ സുഹൃത്തുക്കളായ 10 പേരെക്കൂട്ടി ആഴി മല തീരത്തെത്തിയത്.  ആഘോഷത്തിനിടെ രണ്ടുപേർ ആറോടെ കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ടു. ഇവരെ രക്ഷിക്കാൻ കടലിലിറങ്ങിയ മറ്റ് മൂന്ന് പേരെയും തിര കൊണ്ടുപോയി.  കൂട്ടത്തിലൊരാളായ നിക്കോൾസനെ ചൂണ്ടയിട്ടു കൊണ്ടിരുന്ന മത്സ്യത്തൊഴിലാളി രക്ഷപ്പെടുത്തി. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച തീരത്ത് ശക്തമായേ വേലിയേറ്റമാണ് അനുഭവപ്പെട്ടത്.  മത്സ്യബന്ധനം നടത്തിയും മറ്റ് കൂലിപ്പണികൾ ചെയ്തും ജീവിച്ചിരുന്നവരാണ് കാണാതായവരെല്ലാം. ചിലർ ഇലക്ട്രിക് വയറിങ്‌ പണിക്കും പോയിരുന്നു. സന്തോഷ് വർഗീസും മനുവും സാബു ജോർജുമെല്ലാം നിർധന മത്സ്യത്തൊഴിലാളികുടുംബാംഗങ്ങളാണ്. തങ്ങളുടെ പ്രിയപ്പെട്ടവർ ഏത്രയും വേഗം തിരികെയത്തുമെന്ന കാത്തിരിപ്പിലാണ്‌ കുടുംബാംഗങ്ങളും നാടും.   Read on deshabhimani.com

Related News